
ആത്മവിശ്വാസവും അട്ടിമറിയും നേർക്കുനേർ
കൊല്ലം: തദ്ദേശ വോട്ടെടുപ്പ് കഴിഞ്ഞതോടെ ജയപരാജയങ്ങൾ കൂട്ടിക്കിഴിക്കുന്ന ചർച്ചകളാണെങ്ങും. വ്യക്തിബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും അപ്പുറം കൂടുതൽ രാഷ്ട്രീയ ബോദ്ധ്യത്തോടെ ജനം വോട്ട് ചെയ്‌ത ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ജില്ലയുടെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചകൾ സജീവമാണ്.
ഇന്നേ വരെ യു.ഡി.എഫിന് അധികാരത്തിൽ എത്താൻ കഴിയാത്ത കൊല്ലം ജില്ലാ പഞ്ചായത്തിൽ ഇത്തവണയും മറിച്ചൊന്നും സംഭവിക്കില്ലെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ ആത്മവിശ്വാസം. രാഷ്ട്രീയ വിവാദങ്ങൾ സംസ്ഥാന സർക്കാരിനെതിരായ വോട്ടായി മാറുമ്പോൾ അട്ടിമറി നടക്കുമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ക്യാമ്പുകളുടെ വിലയിരുത്തൽ. 26 അംഗ ജില്ലാ പഞ്ചായത്തിൽ ഭരണത്തിനുള്ള ഭൂരിപക്ഷം ഉണ്ടാകുമെന്ന് മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നു.
എൽ.ഡി.എഫ്
ഭരണതുടർച്ച പ്രതീക്ഷിക്കുന്നതിനാൽ ആരാകണം പ്രസിഡന്റ് എന്ന കാര്യത്തിൽ സി.പി.എമ്മിലും സി.പി.എെയിലും സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ അനൗദ്യോഗിക ചർച്ചകൾ നടന്നിരുന്നു. കീഴ്‌വഴക്കമനുസരിച്ച് ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടര വർഷം പ്രസിഡന്റ് പദവി സി.പി.ഐയ്‌ക്കാണ്. അവസാനത്തെ രണ്ടര വർഷം സി.പി.എമ്മിനും. ചടയമംഗലത്ത് നിന്ന് മത്സരിച്ച ജില്ലാ എക്‌സിക്യുട്ടീവ് അംഗം സാം.കെ.ഡാനിയൽ പ്രസിഡന്റാകാനാണ് സി.പി.ഐയിൽ സാദ്ധ്യതയേറെ. തൊടിയൂരിൽ നിന്ന് മത്സരിച്ച ജില്ലാ കമ്മിറ്റിയംഗം അനിൽ.എസ് കല്ലേലിഭാഗവും സാദ്ധ്യതാ പട്ടികയിലുണ്ട്. പ്രസിഡന്റ് പദവി ആദ്യം സി.പി.എം ഏറ്റെടുത്താൽ കൊറ്റങ്കരയിൽ നിന്ന് മത്സരിച്ച ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.എസ്. പ്രസന്നകുമാർ പ്രസിഡന്റാകും. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. ബാൾഡുവിൻ കുണ്ടറയിലും ഡോ.പി.കെ. ഗോപൻ കുന്നത്തൂരിലും മത്സരിച്ചിരുന്നു. ഇവരെയും പരിഗണിച്ചേക്കാം.
യു.ഡി.എഫ്
ഭരണം പിടിച്ചെടുക്കാൻ ഇത്തവണ കഴിയുമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പുകളിലുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങൾ സഹായിക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. പ്രസിഡന്റ് പദവിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസിൽ നടന്നിട്ടില്ല. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏരൂർ സുഭാഷ് കുളത്തൂപ്പുഴയിലും ബ്രിജേഷ് എബ്രഹാം വെട്ടിക്കവലയിലും എസ്.എസ്. ശരത്ത് വെളിനല്ലൂരിലും മത്സരിച്ചിരുന്നു. ഇവർ മൂന്നുപേരെയും പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാൻ കഴിയുന്നവരാണെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം പറയുന്നത്.
അധികാരത്തിലെത്തിയാൽ ആർ.എസ്.പിയും പ്രസിഡന്റ് പദവിയിലേക്ക് അവകാശവാദമുന്നയിക്കും. ചവറയിൽ മത്സരിച്ച സി.പി. സുധീഷ്‌കുമാറിനെയായിരിക്കും ആർ.എസ്.പി പരിഗണിക്കുക. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയാണ് സുധീഷ്.
എൻ.ഡി.എ
വൻ അട്ടിമറികളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയമായി ജനങ്ങൾ തിരഞ്ഞെടുപ്പിനെ കണ്ടപ്പോൾ ബി.ജെ.പിയുടെ വോട്ട് ശതമാനം വലിയ തോതിൽ ഉയർന്നെന്നാണ് വിലയിരുത്തൽ. ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വിജയ പ്രതീക്ഷയുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പിലേക്ക് വന്നത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥിതി തങ്ങൾക്ക് അനുകൂലമാണെന്ന് അവർ കണക്കുകൂട്ടുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് കല്ലുവാതുക്കലിലും ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ചവറയിലും ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ് കുന്നത്തൂരിലും മത്സരിച്ചിരുന്നു. അധികാരത്തിലെത്തിയാൽ പ്രസിഡന്റ് പദവിയിലേക്ക് മൂന്ന് പേരിൽ ആരെയെങ്കിലും പരിഗണിച്ചേക്കാം.