
കൊല്ലം: രാവേറുംവരെ അലക്കി വെളുപ്പിച്ചിട്ടും ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അലക്കുകുഴിയിലെ ജീവിതങ്ങൾക്കുമേൽ വെൺമയുടെ വെളിച്ചം വീശിയത്.
ആന്ധ്രയിൽ നിന്ന് കൊല്ലത്തെത്തി വസ്ത്രം അലക്കി ഉപജീവനം നടത്തിയിരുന്ന ഒരുകൂട്ടം കുടുംബങ്ങളാണ് റെയിൽവേ പുറമ്പോക്കിലെ ദുരിത ത്തിൽ നിന്ന് സ്വന്തം കൂരയിലേക്ക് ജീവിതം പറിച്ചുനട്ടത്.
കൊല്ലം റെയിൽവേ പുറമ്പോക്കിൽ ഓട വന്നുചേരുന്ന കുഴിപോലുള്ള സ്ഥലത്ത് പ്ളാസ്റ്റിക് ഷീറ്റും മറ്റും വലിച്ചുകെട്ടിയ കുടിലുകളിലായിരുന്നു ഇരുപത് കുടുംബങ്ങളുടെ താമസം. തൊട്ടടുത്ത് തന്നെയാണ് മാലിന്യം ഒഴുകുന്ന ഓടയും. പുറത്തുനിന്ന് നോക്കിയാൽ വീടുകൾ കാണില്ല, കണ്ണിലുടക്കുക അലക്കി വെളുപ്പിച്ച് ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ്.
2016ൽ ഇവർ കൊല്ലം കോർപ്പറേഷനിൽ വീട് ആവശ്യപ്പെട്ട് അപേക്ഷ നൽകി. ഈ സ്ഥലം വിട്ടുകിട്ടിയാൽ മൾട്ടി ലെവൽ വാഹന പാർക്കിംഗ് സെന്ററാക്കാമെന്ന് കോർപ്പറേഷനും കണക്കുകൂട്ടി. മുണ്ടയ്ക്കലിലെ കച്ചിക്കടവിൽ കോർപ്പറേഷൻ വക ഒരേക്കറിലേറെ സ്ഥലം ഇവർക്ക് വീടുകൾ നിർമ്മിക്കാൻ കണ്ടെത്തി. പ്രധാനമന്ത്രി ആവാസ് യോജന, സംസ്ഥാന സർക്കാർ വിഹിതം, കോർപ്പറേഷൻ വിഹിതം എന്നിവയിലൂടെയാണ് പണം കണ്ടെത്തി.
ഓരോരുത്തർക്കും മൂന്നു സെന്റ് സ്ഥലവും 500 സ്‌ക്വയർഫീറ്റിൽ വീടിന് 10.25 ലക്ഷം രൂപയുമാണ് അനുവദിച്ചത്. കുടുംബശ്രീയുടെ 40 വനിതകളാണ് പാർപ്പിട സമുച്ചയം കെട്ടിപ്പൊക്കിയത്. മൂന്നു ബഡ് റൂം, കുളിമുറി, അടുക്കള എന്നിവയടങ്ങിയ 20 വീടുകൾ പത്തുമാസം കൊണ്ട് പൂർത്തിയാക്കി.
കഴിഞ്ഞ വർഷം ഒക്ടോബർ 23ന് വീടുകൾ കൈമാറി. ഇതോടെ അലക്കുകുഴി വിട്ടുപോയ മക്കളും മരുമക്കളുമെല്ലാം തിരിച്ചെത്തി. 20 വീടുകളിലായി ഇപ്പോൾ 80 ലേറെപേരുണ്ട്. എൺപത് കഴിഞ്ഞ ശ്രീനിവാസനാണ് മുതിർന്നയാൾ. അദ്ദേഹത്തിന്റെ ചുളിവീണ മുഖത്തിപ്പോൾ സന്തോഷം നിറയുകയാണ്, വെണ്മയുള്ള വസ്ത്രം പോലെ.
''
വലിയമാറ്റമാണ് അവരുടെ ജീവിതത്തിലുണ്ടായത്. ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുപത് കുടുബങ്ങളുടെ സ്വപ്‌നം സഫലമാക്കിയത്. അവരെല്ലാം ഏറെ സന്തോഷത്തിലാണ്.'കുടുബശ്രീ വക്താവ്