
രഹസ്യാന്വേഷണ റിപ്പോർട്ട്
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ സംഘർഷ സാദ്ധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ജില്ലയിലെ 68 ഗ്രാമ പഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, കൊല്ലം ജില്ലാ പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപറേഷൻ എന്നിവിടങ്ങളിൽ വലിയ രാഷ്ട്രീയ മത്സരമാണ് നടന്നത്.
രാഷ്ട്രീയ വിവാദങ്ങളും പ്രാദേശിക വിഷയങ്ങളും മുൻപെങ്ങുമില്ലാത്ത വിധം ചർച്ചയായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിനിടെ വാക്കേറ്റവും വെല്ലുവിളിയും നടന്നിരുന്നു. സംഘർഷത്തിന്റെ വിദൂരസാദ്ധ്യതയെങ്കിലും പ്രതീക്ഷിക്കുന്ന മേഖലകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പൊലീസ് നീക്കം.
മുൻകരുതലെന്ന നിലയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ആർ.എസ്.പി, സി.പി.എം, സി.പി.ഐ, ബി.ജെ.പി, കോൺഗ്രസ് എന്നിവരുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും പാർട്ടികളുടെ പ്രാദേശിക ഓഫീസുകളിലും സുരക്ഷ ശക്തമാക്കും. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുണ്ടായ സംഘർഷാത്മക അന്തരീക്ഷം ഫലപ്രഖ്യാപന ദിവസം പൊട്ടിത്തെറിയിലേക്കും കണക്ക് തീർക്കലിലേക്കും നീങ്ങുമെന്നാണ് വിലയിരുത്തൽ. രാഷ്‌ട്രീയ പാർട്ടികളുടെ കൊടിമരങ്ങളും പാതയോരങ്ങളിൽ അവശേഷിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുമാണ് പൊലീസിനെ വലയ്‌ക്കുന്നത്. പ്രകടനങ്ങൾക്കിടെ കൊടിമരങ്ങൾ നശിപ്പിക്കാനുള്ള ശ്രമമുണ്ടായാൽ ചെറുത്ത് നിൽപ്പും തിരിച്ചടിയും പാെലീസ് പ്രതീക്ഷിക്കുന്നുണ്ട്.
ബി.ജെ.പിയും സി.പി.എമ്മും പ്രധാന എതിരാളികളായി മത്സരിച്ച വാർഡുകൾ, ബി.ജെ.പിയും എസ്.ഡി.പി.ഐയും മുഖാമുഖം മത്സരിച്ച വാർഡുകൾ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. ആഹ്ലാദ പ്രകടനങ്ങൾ അതിര് വിടാതിരിക്കാൻ ഇത്തരം മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നത് പരിഗണനയിലാണ്. അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ കർശനമായി നേരിടാനും നിയമ നടപടികൾക്ക് വിധേയരാക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്.