തഴവ: കൊവിഡ് നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചതോടെ പാവുമ്പയിലെ നൂറുകണക്കിന് കർഷകർ പ്രതിസന്ധിയിൽ. ചീനി, ചേമ്പ്, കാച്ചിൽ, ചേന തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീരെ താഴ്ന്ന വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. സാധാരണ ഗതിയിൽ സീസണിൽ ഒരു കിലോ ചീനിക്ക് ഇരുപത്തി അഞ്ച് രൂപ വരെയാണ് കർഷകർക്ക് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ട് രൂപ മുതൽ പതിനഞ്ച് രൂപവരെ മാത്രമാണ് കിട്ടുന്നത്. കിലോഗ്രാമിന് ശരാശരി അറുപത് രൂപ വരെ കിട്ടിയിരുന്ന ചേമ്പ് മുപ്പത്തി അഞ്ച് രൂപയിലേക്ക് ചുരുങ്ങിയപ്പോൾ അൻപത് രൂപ വരെ ലഭിച്ചിരുന്ന കാച്ചിലിന് ഇപ്പോൾ പകുതി വില മാത്രമാണ് ലഭിക്കുന്നത്. കിലോഗ്രാമിന് അറുപത് രൂപ വരെ വിലയുണ്ടായിരുന്ന ചേമ്പിന് ഇപ്പോൾ മുപ്പത്തി അഞ്ച് മുതൽ നാൽപ്പത് രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ കാർഷിക ഉത്പന്നങ്ങൾക്ക് മുടക്കുമുതൽ പോലും കിട്ടാത്ത ദുരവസ്ഥയിലേക്കാണ് കർഷകർ നീക്കുന്നത്.
ശബരിമല സീസണും നഷ്ടമായി
വൃശ്ചികം മുതൽ മകരം വരെയുള്ള കാലയളവിൽ ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തുന്ന കത്തിവീഴ്ത്തൽ ചടങ്ങിന് അസ്ത്രമെന്ന നാടൻ കറി തയ്യാറാക്കാൻ കാർഷിക ഉത്പന്നങ്ങൾ വലിയ തോതിൽ വാങ്ങിയിരുന്നു. എന്നാൽ ഇത്തവണ വൃശ്ചികം പിന്നിടുമ്പോഴും വിപണി ഉണരാതായതോടെ കർഷകർ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാർഗമില്ലാതെ വലയുകയാണ്. ശബരിമല സീസൺ നഷ്ടപ്പെട്ടത് കൂടാതെ പ്രാദേശിക ക്ഷേത്രോത്സവങ്ങൾ പൂർണമായും നിറുത്തിവെച്ചതും പാവുമ്പയിലെ കാർഷിക വിപണിയെ പ്രതികൂലമായി ബാധിച്ചു. ക്ഷേത്രങ്ങളിൽ ദിവസങ്ങൾ നീണ്ടു നിന്നിരുന്ന നവാഹ - സപ്താഹ യജ്ഞങ്ങൾ ഇപ്പോൾ അപ്രത്യക്ഷമായ അവസ്ഥയാണ്. ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രം കാർഷിക ഉത്പന്നങ്ങൾ വാങ്ങാനാണ് ഇപ്പോൾ കുറഞ്ഞ അളവിലെങ്കിലും ആവശ്യക്കാരെത്തുന്നത്.