c

കൊല്ലം: ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളും കർശന പൊലീസ് വലയത്തിലായിരിക്കും. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം വൻ തോതിൽ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ കൊവിഡ് മാനദണ്ഡം വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് അകത്തും പുറത്തും ഉറപ്പാക്കും.

തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പ്രത്യേക പാസില്ലാതെ ആരെയും കയറ്റിവിടില്ല. വോട്ടെണ്ണുന്ന ടേബിളുകൾക്ക് ചുറ്റും കൊവിഡ് നിർദേശങ്ങൾ ഉറപ്പാക്കി മാത്രമേ കൗണ്ടിംഗ് ഏജന്റുമാരെ നിറുത്തുകയുള്ളു. സ്വകാര്യ വാഹനങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് കടത്തിവിടില്ല. മൊബൈൽ ഫോൺ, കാമറ തുടങ്ങിയവയും അനുവദിക്കില്ല.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണം 16 ഇടങ്ങളിലും ഒരുക്കും. കൊല്ലം സിറ്റി - റൂറൽ പൊലീസാണ് സുരക്ഷാ ചുമതലകൾ ഏകോപിപ്പിക്കുക. ഇതിനായി വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുമതലയുള്ള വരണാധികാരികളും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും യോഗം ചേരും.