c

കൊല്ലം: രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതരിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഉണ്ടാകാനുള്ള സാദ്ധ്യത തടയാൻ ആരോഗ്യ വകുപ്പ് പരിശോധന വർദ്ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, ഇലക്ഷൻ ഏജന്റുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് വ്യാപകമായി പരിശോധന നടത്തും.

പ്രധാന മാർക്കറ്റുകൾ, ഹാർബറുകൾ എന്നിവിടങ്ങളിൽ പതിവിൽ കൂടുതൽ പരിശോധന നടത്തും. അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ മന്ദിരങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ കാര്യക്ഷമമായ നിരീക്ഷണമുണ്ടാകും. ഇടവേളകളിൽ തുടർ പരിശോധന നടത്തും. രോഗപകർച്ച സ്ഥിരീകരിക്കുന്നവരുടെ സമ്പർക്കപട്ടിക യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കും.

തയ്യാറെടുപ്പുകൾ

1. ജില്ലാതല പരിശോധനാ സംഘം ആശുപത്രികളിലും സ്വകാര്യ ലാബുകളിലും ഇടയ്ക്കിടെ പരിശോധന നടത്തും

2. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിലും ക്വാറന്റൈൻ നിർദേശിക്കും

3. കൊവിഡ് ആശുപത്രികൾ, സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ തുടങ്ങിയവ കൂടുതൽ സേവന സജ്ജമാക്കും

4. ജീവിതശൈലി രോഗനിയന്ത്രണ പരിപാടി കൂടുതൽ ഫലപ്രദമാക്കും

5. പ്രതിമാസ അവലോകനം വിവിധ തലങ്ങളിൽ സംഘടിപ്പിക്കും

''

മൂന്ന് മാസത്തിനുള്ളിൽ ജില്ലയിലെ രോഗപകർച്ചയും കൊവിഡ് മരണവും പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ഡോ. ആർ. ശ്രീലത

ജില്ലാ മെഡിക്കൽ ഓഫീസർ