 
കരുനാഗപ്പള്ളി: തീരപ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കരുനാഗപ്പള്ളി നഗരസഭയുടെയും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെയും നിർദ്ദേശാനുസരണം ഭൂഗർഭ ജലവകുപ്പ് ഡിസൈൻ ചെയ്ത മൂന്ന് കുഴൽ കിണറുകളും തുടക്കത്തിലേതന്നെ പ്രവർത്തന രഹിതമായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം കരുനാഗപ്പള്ളി നഗസഭയ്ക്കും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിനും നഷ്ടമായത് 36 ലക്ഷം രൂപയാണ്. നഗരസഭയുടെ പരിധിയിൽ വരുന്ന കോഴിക്കോട് എസ്.വി മാർക്കറ്റ്, ആലുംകടവ് എന്നിവിടങ്ങളിൽ നിർമ്മിച്ച കുഴൽ കിണറുകളും കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പുത്തൻതെരുവ് സ്റ്റേഡിയം വാർഡിലെ കുഴൽ കിണറുമാണ് തുടക്കത്തിൽ തന്നെ പണിമുടക്കിയത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലെ കുഴൽ കിണർ ഒരു വർഷത്തിന് മുമ്പാണ് നിർമ്മിച്ചത്. എസ്.വി മാർക്കറ്റിലെയും ആലുംകടവിലെയും കുഴൽ കിണറുകൾ അടുത്ത കാലത്ത് നിർമ്മിച്ചവയാണ്.
വേണ്ടത്ര പഠനം നടത്തിയില്ലെന്ന് ആക്ഷേപം
ഭൂർഗർഭ ജലവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഡിസൈനിൽ വന്ന അപാകതകളാണ് കുഴൽ കിണറുകൾ പ്രവർത്തന രഹിതമാകാൻ കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. കായൽ തീരത്തോട് അടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ വേണ്ടത്ര പഠനം നടത്താതെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുഴൽ കിണറുകൾ നിർമ്മിച്ചതെന്നാണ് നാട്ടുകാരുടെ പരാതി. ആലുംകടവിലെയും മൂത്തേത്ത് കടവിലെയും പഴയ പമ്പുഹൗസുകൾ ഇപ്പോഴും മുടക്കം കൂടാതെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ രണ്ട് സ്ഥലങ്ങളിലും 200 മീറ്റർ ആഴത്തിലാണ് കുഴൽ കിണറുകൾ നിർമ്മിച്ചത്. അതുകൊണ്ടുതന്നെ ഈ രണ്ട് പമ്പ് ഹൗസുകളിലും ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാനും കഴിയുന്നുണ്ട്.
താഴ്ച വെറും 100 മീറ്റർ മാത്രം
രണ്ട് പമ്പ് ഹൗസുകളിൽ നിന്ന് പമ്പ് ചെയ്യുന്ന ജലം തീരദേശ നിവാസികൾക്ക് തികയാത്തതിനാലാണ് പുതിയ രണ്ട് കുഴൽ കിണറുകൾ കൂടി നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചത്. പുതിയ കുഴൽ കിണറുകളുടെ താഴ്ച വെറും 100 മീറ്റർ മാത്രമാണ്. ഈ താഴ്ചയിൽ മണിക്കൂറിൽ 15000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിയുമെന്നായിരുന്നു ഭൂഗർഭജല വകുപ്പ് ഉദ്യോഗസ്ഥർ വാട്ടർ അതോറിറ്റി അധികൃതരോട് പറഞ്ഞത്. ഇതനുസരിച്ച് വാട്ടർ അതോറിറ്റി 12 എച്ച്.പി പമ്പ് എസ്.വി മാർക്കറ്റിലെ കുഴൽ കിണറിൽ ഇറക്കിയെങ്കിലും ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാൽ പമ്പിംഗ് നടന്നില്ല.
കുഴൽക്കിണറിൽ നിന്ന് വരുന്നത് ചെളിവെള്ളം
ആലുംകടവിലെ പുതിയ കുഴൽ കിണറിൽ നിന്ന് ചെളിവെള്ളമാണ് പുറത്തേക്ക് വരുന്നത്. മണിക്കൂറിൽ 22000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞെങ്കിൽ മാത്രമേ കരുനാഗപ്പള്ളി നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാവൂ എന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. കോഴിക്കോട് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 4 വർഷങ്ങൾക്ക് മുമ്പ് ആൽത്തറമൂട് ക്ഷേത്രത്തിന് തെക്കു വശം 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനവും സമാപനവും ഒരു ദിവസം തന്നെയായിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വേണ്ടത്ര പഠനത്തിന് ശേഷം മാത്രമേ ഭൂഗർഭ ജലവകുപ്പ് കുഴൽ കിണറുകൾ നിർമ്മിക്കാവൂ എന്നാണ് നാട്ടുകാരുടെ ആവശ്യം.