
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുക്കാൻ മൂന്ന് മുന്നണികളും കൂടി പ്രചാരണത്തിന് ചെലവിട്ടത് പത്ത് കോടിയിലേറെ രൂപയെന്ന് സൂചന. കോർപ്പറേഷനുകളിലെ സ്ഥാനാർത്ഥികൾക്ക് 1.5 ലക്ഷം രൂപ ചെലവിടാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. എന്നാൽ ഇതിന്റെ നാലും എട്ടും ഇരട്ടിയാണ് ശക്തമായ മത്സരം നടന്ന ഡിവിഷനുകളിൽ മുന്നണികൾ ഒഴുക്കിയതെന്നാണ് വിവരം.
എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം ബി.ജെ.പിയും സജീവമായി രംഗത്തെത്തിയ തിരഞ്ഞെടുപ്പിൽ പല ഡിവിഷനുകളിലും മുമ്പില്ലാത്ത വിധം ത്രികോണ പോരാട്ടമായിരുന്നു. ഇതോടെ പ്രചാരണശൈലിയും ചെലവും വർദ്ധിച്ചു. 55 ഡിവിഷനുകളിലായി പ്രചാരണ ചെലവ് പത്ത് കോടിയും കടന്നതായാണ് അറിവ്.
കൊവിഡ് കാലത്ത് പതിവ് പ്രചാരണ രീതികൾക്കൊപ്പം നവമാദ്ധ്യമ പ്രചാരണവും ആവശ്യമായി വന്നു. രാഷ്ട്രീയ ചിന്തകൾ പൊതുവെ പ്രകടിപ്പിക്കാത്ത നഗരത്തിലെ ഒരു വിഭാഗം യുവാക്കളെ ആകർഷിക്കാനും നവമാദ്ധ്യമ പ്രചാരണത്തിന്റെ പുത്തൻ രീതികൾ അനിവാര്യമായിരുന്നു. കോടികൾ ഒഴുകുന്നതിന് ഒരുപരിധി വരെ കാരണവും ഇതുതന്നെയാകാമെന്നും വിലയിരുത്തലുണ്ട്.
കാശുവാരി ഇവന്റ് മാനേജ്മെന്റുകാർ
കൊല്ലത്തെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും വൻകിട ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് പല സ്ഥാനാർത്ഥികളുടെയും പ്രചാരണം നിയന്ത്രിച്ചത്. വോട്ടർ പട്ടിക വിലയിരുത്തലും തിരഞ്ഞെടുപ്പ് കൺവെൻഷനുകളും വീടുവീടാന്തരം കയറിയുള്ള പ്രചാരണവുമൊക്കെ പ്രവർത്തകർ നടത്തിയെങ്കിലും പ്രചാരണത്തിന്റെ മുഖ്യ അജണ്ട നിശ്ചയിക്കുന്നതിൽ ഇവന്റ് ഗ്രൂപ്പുകൾ നിർണ്ണായക സ്വാധീനം ചെലുത്തി.
പ്രദേശത്തിന്റെ സ്വഭാവം മനസിലാക്കി പ്രചാരണ സാമഗ്രികൾ തയ്യാറാക്കാൻ പ്രത്യേക സംഘവുമായാണ് ഇവന്റ് ഗ്രൂപ്പുകൾ എത്തിയത്. ഫോട്ടോഗ്രാഫർമാർ, വീഡിയോ എഡിറ്റർമാർ, എഴുത്തുകാർ, നവമാദ്ധ്യമ വിദഗ്ദ്ധർ തുടങ്ങിയവർ സംഘത്തിന്റെ ഭാഗമായിരുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവന്റ് സംഘങ്ങൾ കൊല്ലം കോർപ്പറേഷനിലെ തിരഞ്ഞെടുപ്പിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. വരാനിരിക്കുന്ന ഹൈടെക് പ്രചാരണ രീതികളുടെ ചൂണ്ടുപലകയായി മാറുകയായിരുന്നു ഇത്തവണ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്.
മുന്നിലെത്തിയേ മതിയാകൂ
പ്രചാരണത്തിൽ മുന്നിലെത്തിയില്ലെങ്കിൽ അത് വോട്ടിംഗിനെയും വലിയതോതിൽ ബാധിക്കും. അതോടെയാണ് എല്ലാ തരത്തിലും മുന്നിലെത്താൻ സ്ഥാനാർത്ഥികളും മുന്നണികളും മത്സരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ കടം വാങ്ങി പ്രചാരണത്തിന് ചിലവഴിച്ച സാധാരണക്കാരായ സ്ഥാനാർത്ഥികളും വലിയ തോതിൽ സാമ്പത്തിക അടിത്തറയുള്ളവരും ഇത്തവണ മത്സരിച്ചവരിലുണ്ട്.