 
പത്തനാപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടലും കിഴിക്കലുമായി സ്ഥാനാർത്ഥികൾ പാർട്ടി ഓഫീസുകളിലും വീടുകളിലും കഴിയുമ്പോൾ അതിൽനിന്ന് വ്യത്യസ്തരാവുകയാണ് രണ്ട് സ്ഥാനാർത്ഥികൾ. ചുവരുകളിൽ ഒട്ടിച്ചിരുന്ന തങ്ങളുടെ തന്നെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുന്ന തിരക്കിലാണിവർ. പത്തനാപുരം ബ്ലോക്ക് ഡിവിഷനിൽ പിറവന്തൂർ പഞ്ചായത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥികളായ ചേകം രജ്ഞിത്ത്, എസ്. ബിജു എന്നിവർക്കാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞും വിശ്രമമില്ലാത്തത്. ചേകം രജ്ഞിത്ത് പിറവന്തൂർ ഡിവിഷനിലും എസ്. ബിജു കിഴക്കേമുറി വാർഡിലുമാണ് മത്സരിച്ചത്. ചില സ്ഥാനാർത്ഥികൾ നിയമം ലംഘിച്ച് സർക്കാർ ഓഫീസിന്റെ മതിലുകളിലും വൈദ്യുതി പോസ്റ്റുകളിലും പോസ്റ്റർ പതിക്കുമ്പോഴാണ് ഇവർ തങ്ങളുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ബാനറുകളും സ്വയം നീക്കം ചെയ്ത് മാതൃകയാകുന്നത്. പോസ്റ്ററുകൾ ഒട്ടിക്കാനും മറ്റും പ്രവർത്തകർ സഹായത്തിനുണ്ടായിരുന്നെങ്കിൽ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികൾ മാത്രമേയുള്ളൂ. പരിസ്ഥിതിക്ക് അനുയോജ്യവും നിയമാനുസൃതവുമായ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമാണ് ഇവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത്.