പുനലൂർ: നിർമ്മാണം നിറുത്തിവച്ചിരിക്കുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ പ്രവേശന കവാടത്തിന്റെ പണി ഉടൻ ആരംഭിക്കാൻ സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജുവിന്റെ ഓഫീസ് കരാറുകാരന് കർശന നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സി നിർമ്മാണ വിഭാഗം ചീഫ് എൻജിനിയർ പ്രവേശന കവാടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ എഗ്രിമെന്റിൽ ഒപ്പ് വച്ചിട്ടില്ലെന്ന കരാറുകാരന്റെ വാദം അടിസ്ഥാനരഹിതമാണ്. ആഗസ്റ്റ് 25ന് കരാറുകാനും ചീഫ് എൻജിനിയറും മുദ്രപ്പത്രത്തിൽ ഒപ്പ് വച്ചിരുന്നു. ചീഫ് എൻജിനിയർ എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാത്തതിനാലാണ് നിർമ്മാണം നിറുത്തിയതെന്ന കരാറുകാരന്റെ ആരോപണത്തെ തുടർന്ന് കേരളകൗമുദി കഴിഞ്ഞദിവസം ഇതിനെപ്പറ്റി വാർത്ത നൽകിയിരുന്നു. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് കരാർ നൽകിയിരിക്കുന്നത്.
കരാറുകാരന്റെ ആരോപണം അടിസ്ഥാനരഹിതം
എഗ്രിമെന്റിൽ ഒപ്പ് വയ്ക്കാത്തത് മൂലം 20 ലക്ഷം രൂപയുടെ പണികൾ പൂർത്തിയാക്കിയിട്ടും പാർട്ട് ബില്ലു മാറാൻ കഴിഞ്ഞില്ലെന്നായിരുന്നു കരാറുകാരന്റെ ആരോപണം. ഇങ്ങനെ ഒരു പാർട്ട് ബില്ലുമായി ആരും സമീപിച്ചിരുന്നില്ലെന്നും നൽകാത്ത ബില്ലിന് എങ്ങനെ പണം മാറി നൽകുമെന്നുമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. വസ്തുതകൾ മറച്ച് വച്ച് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് നിറുത്തി വച്ചിരിക്കുന്ന നിർമ്മാണം ഉടൻ ആരംഭിക്കാൻ കരാറുകാരന് മന്ത്രിയുടെ ഓഫീസ് കർശന നിർദ്ദേശം നൽകിയത്.
കരാർ 40ലക്ഷം രൂപയ്ക്ക്
40ലക്ഷം രൂപയ്ക്ക് കരാർ നൽകിയിട്ടുള്ള പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയാൽ ഉടൻ ബില്ല് മാറി പണം നൽകും. നിർമ്മാണ ജോലികൾക്ക് അഞ്ച് വർഷത്തെ ഗ്യാരന്റിയോടെയാണ് എഗ്രിമെന്റ് വച്ചിരിക്കുന്നത്. പുനലൂർ - അഞ്ചൽ പാതയോരത്ത് സ്ഥിതി ചെയ്യുന്ന പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലാണ് എട്ട് മാസം മുമ്പ് പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഡിപ്പോയ്ക്കുള്ളിൽ നിന്നുളള ബസുകൾക്ക് പുറത്തേക്ക് പോകാനും പുറത്ത് നിന്ന് വരുന്ന ബസുകൾക്ക് അകത്തേയ്ക്ക് പ്രവേശിക്കാനുമാണ് 40 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പ്രവേശന കവാടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.