photo
കെ.സുനിൽകുമാർ താൻ നിർമ്മിച്ച കുഞ്ഞൻ ബസുമായി

കൊല്ലം: ജോലി ചെയ്ത് സമ്പാദിച്ചത് ചേർത്തുവച്ച് ഒരു ബസ് വാങ്ങണമെന്ന് സുനിൽകുമാർ പണ്ടേ ആഗ്രഹിച്ചിരുന്നു. എന്നാൽ റബർ ടാപ്പിംഗ് വരുമാനത്തിൽ കുടുംബച്ചെലവ് കഴിഞ്ഞാൽ മിച്ചം പിടിക്കാൻ ഒന്നും കാണില്ലെന്ന് പിന്നീട് ബോദ്ധ്യമായി.

ഒരു കുഞ്ഞ് ബസ് സ്വന്തമായി നിർമ്മിച്ചപ്പോഴാണ് പുത്തൂർ പവിത്രേശ്വരം കലാനഗർ രാജേന്ദ്ര വിലാസത്തിൽ കെ. സുനിൽകുമാറിന് അല്പം ആശ്വാസമായത്. ആദ്യത്തെ ബസ് നിർമ്മാണം വിജയിച്ചതോടെ ആവേശമായി. ആറെണ്ണം നിർമ്മിച്ച് വിൽപ്പനയും നടത്തി. റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് ഓടിക്കാവുന്ന ബസുകളാണ് നിർമ്മിക്കുന്നത്.

ഇതിനാവശ്യമായ എൻജിൻ ഭാഗങ്ങൾ പുറത്തുനിന്ന് വാങ്ങും. തെർമോകോളും തടിയും മറ്റ് ചില്ലറ സാധനങ്ങളും ഉപയോഗിച്ചാണ് ബസിന്റെ ബോഡി നിർമ്മിക്കുന്നത്. ടയറുകൾ വാഹനങ്ങളുടെ ടയർ ചെത്തിമിനുക്കിയാണ് തയ്യാറാക്കുന്നത്. എൽ.ഇ.ഡി ബൾബുകളും ഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് പെയിന്റടിച്ച് പൂർണതയിലെത്തിക്കും.

മക്കളായ ശിവപ്രിയയ്ക്കും ശിവമിത്രയ്ക്കും ശിവപ്രിയയുടെ പേരെഴുതിയ ബസ് തന്നെ കളിപ്പാട്ടമായി നിർമ്മിച്ച് നൽകി. കൈവെള്ളയിലെടുത്ത് നടക്കാവുന്ന ബസാണെങ്കിലും ആത്മസംതൃപ്തിയുണ്ടെന്ന് ഈ മുപ്പത്തഞ്ചുകാരൻ പറയുന്നു. പത്താം ക്ളാസ് പഠനം കഴിഞ്ഞ് വിവിധ ജോലികൾ ചെയ്തശേഷമാണ് റബർ ടാപ്പിംഗ് ഉപജീവന മാർഗമായി സ്വീകരിച്ചത്.

ഇതിനിടയിൽ കിട്ടുന്ന ഒഴിവ് സമയത്താണ് കളിപ്പാട്ടങ്ങൾ നിർമ്മിച്ചത്. പവിത്രേശ്വരം നാഷണൽ ലൈബ്രറി അംഗവും യുവജന സംഘടനയുടെ സജീവ പ്രവർത്തകനുമായ സുനിൽ കുമാറിനൊപ്പം ടാപ്പിംഗ് ജോലികൾക്കും കരകൗശല നിർമ്മാണങ്ങൾക്കും ഭാര്യ സബിതയും മക്കളും കൂടെക്കൂടാറുണ്ട്.

 ബസിന്റെ വില: 4,​000 രൂപ

 റിമോർട്ട് കൺട്രോൾ ബസ്: 6,​000 രൂപ

''

കുഞ്ഞൻ ബസുകളുടെ നിർമ്മാണം വരുമാന മാർഗമായി. ഇതിൽ നിന്ന് മിച്ചം പിടിച്ച് ഒരു വലിയ ബസ് വാങ്ങണം.

സുനിൽകുമാർ