കുന്നത്തൂർ : തിരക്കേറിയ പാതയിലെ കൊടുംവളവിൽ അപകടക്കെണിയൊരുക്കി അധികൃതർ. ചിറ്റുമല മൂന്നുമുക്ക് - തെങ്ങമം പാതയിൽ കുന്നത്തൂർ നെടിയവിള ജംഗ്ഷന് സമീപം ശാസ്താംനട വളവിലാണ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി അപകടക്കെണി സൃഷ്ടിച്ചിരിക്കുന്നത്.വാഹനാപകടങ്ങൾ പതിവാകുന്നത് നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നത് പ്രതിഷേധത്തിനിടയാക്കുന്നു.

റോഡിനേക്കാൾ ഉയരത്തിൽ ഓട

ശാസ്താംനട ഭാഗത്ത് രണ്ടിടത്തായാണ് വളവുകളുള്ളത്.ആദ്യത്തെ വളവിൽ ഇരുഭാഗത്തും റോഡിനേക്കാൾ ഉയരത്തിലാണ് ഓട നിർമ്മാണം. അടുത്തിടത്ത് ഇടതുഭാഗം താഴ്ചയും വലതു ഭാഗത്ത് ഓടയുമാണ്.ഇവിടെ റോഡും പാതയോരവും തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രശ്നമായിരിക്കുന്നത്.ഇരു വളവുകളിൽ നിന്നും വേഗതയിലെത്തുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയില്ല.അപകടം ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടി തിരിക്കുമ്പോൾ കട്ടിങ്ങിലേക്ക് ചരിയുകയാണ് പതിവ്. മാത്രമല്ല ഓട നിർമ്മാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് റോഡിൽ നിരത്തിയ ടാർ വീപ്പകളും മാറ്റിയിട്ടില്ല.തിരഞ്ഞെടുപ്പ് കാലമായതിനാൽ വീപ്പകളിൽ സ്ഥാനാർത്ഥികളുടെ വർണ ചിത്രങ്ങൾ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ആധുനിക രീതിയിൽ നിർമ്മാണം

കിഫ്ബിയിൽ ഉൾപ്പെടുത്തി ഒന്നര വർഷം മുമ്പാണ് ആധുനിക രീതിയിൽ റോഡ് നിർമ്മാണം ആരംഭിച്ചത്.എന്നാൽ റോഡ് ഉഴുതുമറിക്കാൻ തുടക്കത്തിൽ കാണിച്ച ആവേശം കരാറുകാർ പിന്നീട് കാട്ടിയില്ല. പലയിടത്തും കയ്യേറ്റങ്ങളുണ്ട്. അതിന് മുമ്പിലും അധികൃതർ കണ്ണടച്ചു.വൈദ്യുതി തൂണുകളും റോഡിൽ തന്നെ. പലപ്പോഴും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുമ്പോഴാണ് അധികൃതരുടെ ശ്രദ്ധ ഭാഗികമായെങ്കിലും എത്തുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൊട്ടിയം - അടൂർ ബൈപ്പാസ് ആയി ഉപയോഗപ്പെടുത്താനും പദ്ധതിയുണ്ട്.