c
തെന്മല പഞ്ചായത്തിലെ ഇടമണിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരം സന്ദർശിക്കാൻ മന്ത്രി കെ. രാജു എത്തിയപ്പോൾ

പുനലൂർ: തെന്മല പഞ്ചായത്തിലെ ഇടമണിൽ നിർമ്മാണം പൂർത്തിയായ ഹൈടെക് വില്ലേജ് ഓഫീസ് മന്ദിരം സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജു സന്ദർശിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 42 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ഹൈടെക് മന്ദിരം നിർമ്മിച്ചത്. ഓഫീസ് മുറി, ജീവനക്കാരുടെ മുറികൾ, ഓഫീസിലെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ശുദ്ധജലം, കാർ പാർക്കിംഗ് ഏരിയ, പൂന്തോട്ടം, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഹൈടെക് മന്ദിരത്തിൽ സജ്ജമാക്കിയിട്ടുള്ളത്. അടുത്ത മാസം മന്ത്രി ഇ. ചന്ദ്രശേഖരൻ ഹൈടെക് വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കും. അര നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണത്തിലെ അപാകത മൂലം പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്നാണ് പുതിയ ഹൈടെക് മന്ദിരം നിർമ്മിച്ചത്. പഞ്ചായത്തിലെ ഏറ്റവും ജന സാന്ദ്രതയേറിയ പ്രദേശത്തായിരുന്നു പഴയ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. മുൻ വാർഡ് അംഗമായ ജെയിംസ് മാത്യൂവിന്റെ നേതൃത്വത്തിൽ നാട്ടുകാർ മന്ത്രി കെ. രാജുവിനെ നേരിൽക്കണ്ട് ഓഫീസ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് മന്ത്രി കെ. രാജു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നേരിട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ ഹൈടെക് വില്ലേജ് ഓഫീസ് കെട്ടിടം പണിയാൻ തുക അനുവദിച്ചത്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കോമളകുമാർ, മുൻ വാർഡംഗം ജെയിംസ് മാത്യൂ തുടങ്ങിയവർ മന്ത്രിക്കൊപ്പം പുതിയ കെട്ടിടം സന്ദർശിക്കാനെത്തി.