 
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭാ തിരഞ്ഞെടുപ്പുഫലം 16ന് പുറത്തുവരുമ്പോൾ പുതിയ ഭരണസമിതിയെ കാത്തിരിക്കുന്നത് ഒട്ടേറെ കടമ്പകൾ. കൊട്ടാരക്കര പഞ്ചായത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആരും ഇതുവരെ താത്പര്യം കാട്ടിയിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. ടൗണിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ഇനിയും പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ല.
മാലിന്യ സംസ്കരണ പ്ളാന്റ്
വർഷങ്ങൾക്ക് മുമ്പ് ഉഗ്രൻകുന്നിൽ ഇരുപത്തിയഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ളാന്റ് നാലുവർഷത്തിനുള്ളിൽ പൂർണമായും പ്രവർത്തന ക്ഷമമല്ലാതായി. പ്ളാന്റ് പ്രവർത്തന ക്ഷമമല്ലെങ്കിലും മുഴുവൻ മാലിന്യവും ഇവിടെത്തന്നെയാണ് തള്ളുന്നത്. മത്സ്യ, മാംസ അവശിഷ്ടങ്ങളും ജൈവ അജൈവ മാലിന്യങ്ങളും പ്ളാന്റിൽ കിടന്ന് അഴുകുകയാണ്. പിന്നീട് വന്ന ഭരണസമിതി പഴയമാലിന്യ പ്ലാന്റിനു സമീപം പുതിയ പ്ളാന്റ് പണിയാൻ നീക്കം നടത്തിയെങ്കിലും പണി പാതിവഴിയിൽ ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങി. അതോടെ പ്ളാന്റ് നിർമ്മാണം ത്രിശങ്കുവിലായി. ഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ പുതിയ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാസ്ത്രീയമായി ആധുനിക പ്ളാന്റ് സ്ഥാപിച്ചാൻ ടൗണിലെ മാലിന്യപ്രശ്നത്തിനു ശാശ്വത പരിഹാരമാവും.
ഇലട്രിക് ശ്മശാനം
അമ്പതിനായിരത്തോളം പേർ താമസിക്കുന്ന കൊട്ടാരക്കര നഗരസഭയിൽ ഇലട്രിക് ശ്മശാനം നിർമ്മിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കിയിട്ടില്ല. നാലും അഞ്ചും പേരടങ്ങുന്ന കുടുംബം മൂന്നോ നാലോ സെന്റ് ഭൂമിയിലെ ചെറിയ വീടുകളിലാണ് കഴിയുന്നത്. ഇവിടെ ആരെങ്കിലും മരിച്ചാൽ സംസ്കാരം നടത്താൻ വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. പലപ്പോഴും ഇവർ പോളയത്തോട്ടുള്ള പൊതു ശ്മശാനത്തിലാണ് സംസ്കാരം നടത്തുന്നത്. ഇതിന് പരിഹാരമാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുടിവെള്ള വിതരണം
ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം. നഗരസഭയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണം. വർഷത്തിൽ ആറുമാസം വരെ കൊള്ളവിലയ്ക്ക് കുടിവെള്ളം വാങ്ങി ഉപയോഗിക്കുന്നവരുടെ പ്രശ്നം പരിഹരിച്ചേ മതിയാകൂ. അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.