 
 വയറ്റിൽ കുത്തേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ
കൊട്ടിയം: കടം കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം ഷംനാദ് ബൈത്തിൽ ഷംനാദാണ് (39) അറസ്റ്റിലായത്. വയറ്റിൽ കുത്തേറ്റ മുക്കം സ്വദേശി ജാഫർഖാൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പിലായിരുന്നു സംഭവം. പ്രതിയും കൂട്ടുകാരും ചേർന്ന് ലക്ഷ്മിപുരം തോപ്പ് ഭാഗത്തിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ കൈയ്യിൽ നിന്ന് കടം വാങ്ങിയ രൂപ തിരികെ ആവശ്യപ്പെട്ട് ജാഫർഖാൻ സ്ഥലത്തെത്തി. ഇതിൽ പ്രകോപിതനായ പ്രതി ജാഫർഖാനെ അസഭ്യം പറയുകയും അവിടെ നിന്ന് ഓടിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് പോകാൻ ശ്രമിച്ച ജാഫർഖാനെ അടുത്തുള്ള കടയിൽ നിന്ന് കത്തി എടുത്ത് ഷംനാദ് വയറ്റിൽ കുത്തുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിനിടെ ഷംനാദിനും പരിക്കേറ്റിരുന്നു.
സംഭവത്തിന് ശേഷം ആശുപത്രിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇരവിപുരം എസ്.എച്ച്.ഒ വിനോദ്, എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐമാരായ സുനിൽ, ജയകുമാർ, എ.എസ്.ഐമാരായ ദിനേശ്, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.