 
കരുനാഗപ്പള്ളി: മൊബൈൽ ഫോണുകളും ബൈക്കുകളും മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ കരുനാഗപ്പളളി പൊലീസ് അറസ്റ്റുചെയ്തു. കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് തണ്ടാണി മൂട്ടിൽ പടീറ്റതിൽ ബാദുഷ (20), ചെട്ടികുളങ്ങര ഓലകെട്ടി അമ്പലം വരമത്താനത്ത് വീട്ടിൽ ജിബിൻ (19), കൃഷ്ണപുരം ദേശത്തിനകം അവിട്ടം വീട്ടിൽ അശ്വിൻ(18) എന്നിവരെയാണ് കരുനാഗപള്ളി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ദേശീയ പാതയോരത്ത് രാത്രി കാലങ്ങളിൽ വിശ്രമിക്കുന്ന അന്യസംസ്ഥാന ലോറി ഡ്രൈവർമാരുടെ മൊബൈൽ ഫോണുകളും വീട്ടുമുറ്റത്തും റോഡുവക്കിലും നിറുത്തിയിട്ടിരിക്കുന്ന ബൈക്കുകളും മോഷണം പോയ സംഭവത്തിലെ പ്രതികളാണ് അറസ്റ്റിലായത്. മാസങ്ങളായി ഓച്ചിറ കരുനാഗപ്പള്ളി ദേശീയപാതയിൽ ഇത്തരത്തിൽ മോഷണവും മോഷണ ശ്രമങ്ങളും നടന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. നഷ്ടപ്പെട്ട ഫോണുകളും ബൈക്കുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കരുനാഗപള്ളി എ.സി.പി ഗോപകുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ മഞ്ചുലാലിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ ജയശങ്കർ, അലോഷ്യസ്, എ.എസ്.ഐ ശ്രീകുമാർ, സന്തീപ്, സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.