 
കൊല്ലം: കൊട്ടിയം ജംഗ്ഷന് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല ഉടമസ്ഥയ്ക്ക് തിരികെ നൽകി ടിപ്പർ ഡ്രൈവർ മാതൃകയായി.
ടിപ്പർ ഡ്രൈവറായ കണ്ണനല്ലൂർ ചെട്ടിവിള വീട്ടിൽ ജിജോയ്ക്ക് എട്ടിനാണ് മാല ലഭിച്ചത്. മാല അടുത്തുള്ള സ്വർണക്കടയിൽ കാണിച്ച് സ്വർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കിഴവൂർ സ്വദേശിനി പാരിഷാ ബീവിയുടേതായിരുന്നു മാല. കെ.എസ്.എഫ്.ഇയിൽ പോയി തിരികെ വരുംവഴിയാണ് നഷ്ടമായത്.
നവമാദ്ധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പാരിഷാ ബീവി അടയാള സഹിതം സ്റ്റേഷനിലെത്തിയാണ് മാല സ്വീകരിച്ചത്. പ്രിൻസിപ്പൽ എസ്.ഐ സുജിത് ജി. നായരുടെ സാന്നിധ്യത്തിൽ ജിജോ മാല കൈമാറി.