water-supply

വിതരണ ശൃംഖല 200 കിലോ മീറ്റർ വർദ്ധിപ്പിക്കും

കൊല്ലം: നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖല 200 കിലോമീറ്റർ കൂടി വർദ്ധിപ്പിക്കാനുള്ള ജല അതോറിറ്റിയുടെ സർവേ ആരംഭിച്ചു. നിലവിൽ ജലവിതരണ പൈപ്പ്ലൈനുകളില്ലാത്ത നഗരസഭയോട് കൂട്ടിച്ചേർത്ത തൃക്കടവൂർ മേഖലയിലും മറ്റ് പ്രദേശങ്ങളിലും വിതരണ ശൃംഖല വ്യാപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

നിലവിൽ ഏകദേശം 400 കിലോമീറ്റർ നീളത്തിലാണ് നഗരത്തിലെ കുടിവെള്ള വിതരണ ശൃംഖല. ശാസ്താംകോട്ടയിൽ നിന്ന് കൊട്ടിയത്തെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ടാങ്കിൽ നിന്നാണ് പ്രധാനമായും നഗരത്തിൽ ജലം എത്തിക്കുന്നത്. ഈ രണ്ട് വഴികളിലൂടെയും നഗരത്തിന് ആവശ്യമായ ജലം ലഭിക്കാത്തതിനാൽ വിതരണ ശൃംഖലയിൽ കാര്യമായ വർദ്ധനവ് സമീപകാലത്തെങ്ങുമുണ്ടായിട്ടില്ല.

ഞാങ്കടവ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിനാവശ്യമായ കുടിവെള്ളം എത്തും. ഈ സാഹചര്യം കണക്കിലെടുത്താണ് വിതരണ ശൃംഖല വർദ്ധിപ്പിക്കാനുള്ള ആലോചന തുടങ്ങിയത്. ഞാങ്കടവ് പദ്ധതിയിൽ നിന്ന് പ്രതിദിനം 100 എം.എൽ.ഡി കുടിവെള്ളമാണ് പ്രതീക്ഷിക്കുന്നത്.

സുഗമമായ ജലവിതരണം

ജപ്പാൻ പദ്ധതിയിൽ നിന്നും ശാസ്താംകോട്ടയിൽ നിന്നും എത്തുന്ന ജലം നിലവിൽ ആനന്ദവല്ലീശ്വരത്തെ ടാങ്കിൽ എത്തിച്ച ശേഷമാണ് മറ്റ് ചെറുടാങ്കുകൾ വഴി വിതരണം ചെയ്യുന്നത്. ഞാങ്കടവിൽ നിന്ന് വസൂരിച്ചിറയിലെത്തിച്ച് ശുദ്ധീകരിക്കുന്ന ജലത്തിന്റെയും ആദ്യഘട്ടത്തിലെ വിതരണം ഇങ്ങനെ തന്നെയാകും.

പുതിയ വിതരണ ശൃംഖലയ്ക്കൊപ്പം ആനന്ദവല്ലീശ്വരം, മൂന്നാംകുറ്റി, ആശ്രാമം എന്നിവിടങ്ങളിൽ പുതിയ ടാങ്കുകൾ സ്ഥാപിക്കും. ഇതോടെ ആനന്ദവല്ലീശ്വരത്തിനൊപ്പം പുതിയ ടാങ്കുകളിലേക്കും വസൂരിച്ചിറയിൽ നിന്നും നേരിട്ട് ജലമെത്തിക്കാനാണ് ആലോചന.

ഞാങ്കടവ് പദ്ധതി ഇതുവരെ

ഞാങ്കടവിൽ കല്ലടയാറ്റിന്റെ കരയിൽ കിണർ നിർമ്മാണം നേരത്തെ പൂർത്തിയായി. കിണറിൽ ജലലഭ്യത ഉറപ്പാക്കാനുള്ള തടയണ നിർമ്മാണം തുടങ്ങി. ഞാങ്കടവിൽ നിന്നD എത്തിക്കുന്ന ജലം ശുദ്ധീകരിക്കാൻ വസൂരിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഞാങ്കടവിൽ നിന്ന് വസൂരിച്ചിറയിലേക്കുള്ള പൈപ്പിടൽ ഇനി 4.5 കിലോ മീറ്റർ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. വസൂരിച്ചിറയിൽ നിന്ന് ആനന്ദവല്ലീശ്വരം ടാങ്കിലേക്ക് ജലം എത്തിക്കാനുള്ള പൈപ്പിടലും പുരോഗമിക്കുന്നുണ്ട്.