
കൊല്ലം: ജില്ലയിലെ പൊതുകുളങ്ങൾ സംരക്ഷിക്കാനായി തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കോടിക്കണക്കിന് രൂപ മുടക്കിയിട്ടും 90 ശതമാനത്തിലധികം കുളങ്ങളും മാലിന്യനിക്ഷേപകേന്ദ്രങ്ങളാകുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് പാറകെട്ടി സംരക്ഷണഭിത്തി നിർമ്മിക്കാത്ത പൊതുകുളങ്ങൾ ജില്ലയിൽ വിരളമാണ്. തദ്ദേശ സ്ഥാപനങ്ങളാണ് വിവിധ പദ്ധതികളിലായി പൊതുകുളങ്ങൾ സംരക്ഷിക്കാൻ ലക്ഷങ്ങൾ വകയിരുത്തുന്നത്. പാർശ്വഭിത്തി നിർമ്മാണം കഴിഞ്ഞ് ബില്ല് മാറുന്നതോടുകൂടി എല്ലാ ബാദ്ധ്യതയും അവസാനിച്ചെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ നിലപാട്. പായലും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് നീരുറവകൾ. നാട്ടിലെ പായൽ മൂടി നശിക്കുന്ന പൊതുകുളങ്ങളെ ചെറുകിട കുടിവെള്ള പദ്ധതികൾക്കായി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയരാറുണ്ടെങ്കിലും പ്രായോഗിക സമീപനം ഉണ്ടാകാറില്ല. കൊടിയ വേനൽച്ചൂടിലും വറ്റാത്ത പൊതുകുളങ്ങൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമുണ്ട്. ഇവ നവീകരിച്ചാൽ കുടിവെള്ള പദ്ധതികൾക്കായി ഉപയോഗപ്പെടുത്താനാകുമെന്നാണ് നാട്ടുകാരുടെ പക്ഷം.
സംരക്ഷിക്കാൻ മുടക്കിയ കോടികൾ എവിടെ?
തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തനത് ഫണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് രണ്ട് പതിറ്റാണ്ടിനിടെ ജില്ലയിലെ പൊതുകുളങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി ചെലവാക്കിയത്. സ്വകാര്യ വ്യക്തികൾ കൈയേറി നികത്തിയ പൊതുകുളങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമം ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കുളങ്ങളുടെ പാർശ്വഭിത്തി നിർമ്മാണത്തിന് തുടർച്ചയായി പണം വകയിരുത്തുന്നതിന്റെ പിന്നിൽ സാമ്പത്തിക താത്പര്യങ്ങളുണ്ടെന്നുകാട്ടി മുമ്പ് വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
പൊതുകിണറുകളുടെ അവസ്ഥ
കുളങ്ങൾക്കൊപ്പം ജലസമൃദ്ധമായ പൊതുകിണറുകളും മതിയായ സംരക്ഷണത്തിന്റെ അഭാവത്തിൽ നശിക്കുകയാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള പൊതുകിണറുകൾ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും കൈയേറി ഇടിച്ചുനിരത്തുന്ന സംഭവങ്ങളും കുറവല്ല. ശേഷിക്കുന്ന കിണറുകൾ പാഴ്‌ച്ചെടികളും മദ്യകുപ്പികളും നിറഞ്ഞ് ഉപയോഗ്യശൂന്യമായ നിലയിലാണ്.
നീരുറവകളുടെ നാശം ഇങ്ങനെ...
1. സർക്കാർ സംവിധാനങ്ങളുടെ താത്പര്യമില്ലായ്മയ്‌ക്കൊപ്പം ജനങ്ങളും കൈയൊഴിഞ്ഞതാണ് നീർത്തടങ്ങൾ നശിക്കാൻ പ്രധാന കാരണം
2. കുളിയും തുണി അലക്കുമായി സജീവമായിരുന്ന ഗ്രാമങ്ങളിലെ കുളങ്ങളിൽ വേനൽക്കാലത്ത് പോലും ഇപ്പോൾ ആരുമെത്താറില്ല
3. പായൽ വളർന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയാണ് തെളിനീരുറവകൾ
4. വേനലവധിക്കാലത്ത് കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ പോലും കുളങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല
5. വറ്റാത്ത കുളങ്ങളുടെ സാദ്ധ്യത പ്രയോജനപ്പെടുത്താൻ ജനകീയ കൂട്ടായ്മകൾ രൂപപ്പെടാത്തതും തിരിച്ചടിയായി