photo
കോട്ടുക്കൽ ഗുഹാക്ഷേത്രം

അഞ്ചൽ: വിശാലമായ വയലിന് നടുവിൽ ഒരു ഗജവീരൻ കിടക്കുകയാണെന്ന് തോന്നും. പക്ഷേ അടുത്തുചെല്ലുമ്പോഴാണ് ഇതൊരു ഗുഹാക്ഷേത്രമാണെന്ന് മനസിലാകുക.

ആയിരപറനിലത്തിന്റെ നടുവിലെ കോട്ടുക്കൽ ഗുഹാക്ഷേത്രമാണ് കാണുന്നവർക്കെല്ലാം കൗതുകമാകുന്നത്. പതിനെട്ടര സെന്റ് ചുറ്റളവിലാണ് ഗുഹാക്ഷേത്രമുള്ളത്.ഒരു ക്ഷേത്രത്തിന് കീഴിൽ രണ്ട് ശ്രീകോവിലിൽ വരുന്ന ദ്വൈത ക്ഷേത്രമാണിത്.ഒറ്റ ശിലയിൽ തീർത്ത ഇതുപോലൊരു ക്ഷേത്രം രാജ്യത്തുതന്നെ മറ്റൊരിടത്തും ഇല്ല. പ്രധാന ആരാധാനാമൂർത്തി ശിവനാണെങ്കിലും ശ്രീകോവിലിന് മദ്ധ്യത്തായി ഗണപതി വിഗ്രഹവും വന്നതുകൊണ്ടാവാം ക്ഷേത്രത്തിന് ഗണപതിക്ഷേത്രം എന്നും പേരുണ്ട്.

തമിഴ് നാട്ടിലേയ്ക്ക് എളുപ്പവഴി

'കോട്ടുക്കൽ' എന്ന പേരിന്റെ ഉൽപ്പത്തിയ്ക്കുതന്നെ ക്ഷേത്രവുമായി ബന്ധമുണ്ട്. കല്ലുകോട്ടിയ എന്നവാക്കിൽ നിന്നാണ് 'കോട്ടുക്കൽ' ഉണ്ടായത്. ക്ഷേത്രത്തിന്റെ വലത്തെ ശ്രീകോവിലിന് മുന്നിൽ നന്ദികേശ്വര വിഗ്രഹത്തിനൊപ്പം ഹനുമാൻ പ്രതിഷ്ഠയുമുണ്ട്. തമിഴ് നാട്ടിലെ മഹാബലിപുരത്തുള്ള ശിവക്ഷേത്രങ്ങൾക്ക് മുന്നിലാണ് സാധാരണ ഹനുമാൻ പ്രതിഷ്ഠയുള്ളത്. കോട്ടുക്കൽ ഗുഹാക്ഷേത്രത്തിൽ നിന്നും നടപ്പാതവഴി തമിഴ് നാട്ടിലെത്താൻ 25 കിലോമീറ്റർ മാത്രമേ ഉള്ളൂ. മഹാബലിപുരത്തെ ക്ഷേത്രത്തിന്റെ മാതൃകയാണ് ഗുഹാക്ഷേത്രത്തിലെ വലത്തെ ശ്രീകോവിലിൽ കാണുന്നത്.

ഐതീഹ്യങ്ങൾ ഏറെ

ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളും ഉണ്ട്. ശിവന്റെ ഭൂതഗണങ്ങൾ ചുമന്ന് കൊണ്ടുവന്ന വലിയ പാറ ഏഴരവെളുപ്പിന് കോഴികൂവിയപ്പോൾ വയലിൽ ഉപേക്ഷിച്ച് പോകുകയും പ്രദേശവാസിയായ ശിവ ഭക്തനായ ഒരു കാരണവർക്ക് ആ പാറയിൽ ഗണേശന് പ്രാദ്ധാന്യം വരുന്ന തരത്തിൽ ഒരു ശിവന്റെ ശ്രീകോവിൽ നിർമ്മിക്കണമെന്ന് സ്വപ്ന ദർശനം ഉണ്ടാവുകയും ചെയ്തുവെന്നാണ് ഐതീഹ്യം.ക്ഷേത്രത്തിന് അഞ്ഞൂറ് വാര താഴെയായി മറ്റൊരു പാറയും ഉണ്ട്. ആ പാറയുടെ പേര് 'ചുമ്മാട് പാറ' എന്നാണ്.

അപര്യാപ്തതകളുടെ നടുവിൽ

ദേവസ്വം ബോർഡിന്റെയും പുരാവസ്തു വകുപ്പിന്റെയും അധീനതയിലുളള ഈ ക്ഷേത്രം പലകാര്യങ്ങളിലും അപര്യാപ്തതകളുടെ നടുവിലാണ്. ക്ഷേത്രത്തിന്റെ വികസനത്തിനായി രണ്ട് വർഷം മുമ്പ് മുല്ലക്കര രത്നാകരൻ എം.എൽഎ മുൻകൈയ്യെടുത്ത് 38 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട പണികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല.

ഭക്തരെയും സഞ്ചാരികളെയും ആകർഷിക്കുന്നതിനായി ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. ടൂറിസം വകുപ്പിൽ നിന്നും കാര്യമായ സഹകരണമുണ്ടായാൽ ഇവിടെ പുരോഗതിയുണ്ടാകും. പുരാവസ്തു വകുപ്പും ദേവസ്വം വകുപ്പും ഗുഹാക്ഷേത്രത്തിന്റെ വികസനത്തിനായി യോജിച്ച് പ്രവർത്തനം നടത്തണം. (അനീഷ് കെ. അയിലറ, പ്രസിഡന്റ് സി. കേശവൻ സ്മാരക സമിതി)

ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്കും ഭക്തർക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുപോലും വേണ്ടത്ര സൗകര്യം ഇല്ല. ഒരു ക്ഷേത്രക്കുളമില്ല. ഇക്കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ കൂടുതൽ സന്ദർശകരെ ആകർഷിക്കുകയുള്ളൂ. ജഢായുപാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുടുക്കത്ത് പാറ, മലമേൽക്ഷേത്രം ഇവ ബന്ധിപ്പിക്കുന്ന സഞ്ചാരപാത നിർമ്മിക്കുകയും വേണ്ടത്ര പ്രചാരണം നൽകുകയും ചെയ്താൽ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കാൻ കഴിയും (തുളസി കോട്ടുക്കൽ, സാഹിത്യകാരൻ)