c
പുന്നല വനമേഖലകളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.

പത്തനാപുരം : ക്രിസ്‌മസ്-പുതുവത്സരം മുന്നിൽ കണ്ടുള്ള വ്യാജ വാറ്റ് തടയാൻ പരിശോധനകൾ കർശനമാക്കി എക്സൈസും വനം വകുപ്പും വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡും. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള വെരുകുഴി, ചണ്ണയ്ക്കാമൺ,​മയിലാടുംപാറ തുടങ്ങിയ വനമേഖലകളിൽ സംയുക്ത പരിശോധന നടത്തി. മൂന്ന് പ്രത്യേക സ്‌കോഡുകളായി തിരിഞ്ഞായിരുന്നു ഉൾവനത്തിൽ പരിശോധന. ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങളിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത മദ്യ നിർമ്മാണം. മദ്യവിൽപ്പന, വൈൻ നിർമ്മാണം എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വനത്തിനുള്ളിൽ പരിശോധന നടത്തിയത്. ഓണത്തിന് വനമേഖലയിൽ നടന്ന പരിശോധനയിൽ വ്യാജ ചാരായ നിർമ്മാണത്തിനുള്ള കോട,​ വാറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചിരുന്നു. വനം മേഖലയിൽ മദ്യലോബികളുടെ നേത്യത്വത്തിൽ വ്യാജചാരായ നിർമ്മാണം നടത്തുന്നതായി രഹസ്യ സന്ദേശം ലഭിച്ചതിനാലാണ് സംയുക്ത പരിശോധന നടത്തിയത്. പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബു , വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നിസാം, ഉദ്യോഗസ്ഥരായ അനിൽകുമാർ, പവിരാജ്, അജയകുമാർ, പ്രസാദ്, മഹേഷ്, ശ്യാംകുമാർ,അനൂപ് ,​വനം വകുപ്പ് വനിതാ വിംഗ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.