
തിരഞ്ഞെടുപ്പുകാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിയുന്നതിന് പിന്നാലെ കൊല്ലത്ത് കൊവിഡ് സ്ഫോടനമുണ്ടാവാൻ സാദ്ധ്യതയെന്ന് വിലയിരുത്തൽ. ഇതോടെ രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങളും ആരംഭിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥർ, പോളിംഗ് ഉദ്യോഗസ്ഥർ, ഇലക്ഷൻ ഏജന്റുമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർക്ക് അടിയന്തരമായി കൊവിഡ് പരിശോധന നടത്താനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. രോഗബാധിതരുടെ സമ്പർക്കപ്പട്ടിക യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കാനും തീരുമാനമായി. തിരഞ്ഞെടുപ്പുകാലത്ത് കൊവിഡ് മാനദണ്ഡങ്ങളെ കാറ്റിൽപ്പറത്തിയാണ് വിവിധരാഷ്ട്രീയ പാർട്ടികൾ പ്രചാരണം കൊഴുപ്പിച്ചത്. പരസ്യപ്രചാരണ ദിവസത്തെ കലാശക്കൊട്ട് കർശനമായി വിലക്കിയിരുന്നെങ്കിലും ആൾക്കൂട്ടത്തെ തെരുവിലിറക്കാൻ മുന്നണികൾ മത്സരിച്ചു. 16ന് വോട്ടെണ്ണലിന് ശേഷം നാടെങ്ങും വലിയ തരത്തിൽ ആൾക്കൂട്ടപ്രകടനങ്ങൾ കൂടി നടത്തിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്ന ആശങ്കയാണ് ആരോഗ്യ വകുപ്പിനുള്ളത്.
ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് ആരുടെ വീഴ്ച?
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും വരാണാധികാരികൾ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പുറമേ നിയന്ത്രണങ്ങൾ ഉറപ്പ് വരുത്താൻ പ്രത്യേക പരിശോധനാ സംഘത്തെയും നിയോഗിച്ചു. കൊല്ലം കോർപ്പറേഷന്റെ ചില ഭാഗങ്ങളിൽ പരിധിയിൽക്കൂടുതൽ ആളുകളുമായി വോട്ടഭ്യർത്ഥന നടത്തിയവരെ തടയുകയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്ത സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പിന്നീട് ഒരു അറിവുമില്ല. തെരുവുകളിൽ മുന്നണികൾ ശക്തിപ്രകടനം നടത്തിയപ്പോൾ തടയേണ്ടവർ ഇടപെട്ടില്ലെന്ന വിമർശനവും ശക്തമാണ്.
സമ്പർക്ക വ്യാപനത്തെ സൂക്ഷിക്കണം
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം നാട്ടുകാരുമായി അടുത്ത് ഇടപഴകിയവരാണ് എല്ലാ മുന്നണികളിലെയും താഴേത്തട്ടിലെ പ്രവർത്തകർ. പഞ്ചായത്ത്, താലൂക്ക്, ജില്ലാ നേതാക്കൾ ഇവരുമായി വിവിധ യോഗങ്ങൾക്ക് ഒരുമിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ഇവർ കൊവിഡ് മാനദണ്ഡം പാലിച്ചിരുന്നെന്ന് പറയാനാകില്ല. മൂക്കും വായും കൃത്യമായി മറയ്ക്കാതെയാണ് ഭൂരിപക്ഷം ജനപ്രതിനിധികളും നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥികളും പ്രചാരണത്തിന്റെ ഭാഗമായത്.
കാര്യങ്ങൾ കൈവിട്ട് പോകാതിരിക്കാൻ
1. ജില്ലയിൽ രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
2. ആൾകൂട്ടങ്ങളെ ഇനിയെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും
3. തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ രോഗവ്യാപനത്തിന് വഴിയൊരുക്കി. ഇനി ഇതാവർത്തിക്കാതെ നോക്കണം
4. കൊവിഡ് ആശുപത്രികൾ, സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ തുടങ്ങിയവ കൂടുതൽ സേവനസജ്ജമാക്കാൻ ആരോഗ്യ വകുപ്പ്
6. വരുന്ന രണ്ടാഴ്ചക്കാലം നിർണായകം. എല്ലാവരും കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുക
മൂന്നുമാസത്തിനുള്ളിൽ ജില്ലയിലെ രോഗപ്പകർച്ചയും കൊവിഡ് മരണവും പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
ഡോ. ആർ. ശ്രീലത ജില്ലാ മെഡിക്കൽ ഓഫീസർ