 
കരുനാഗപ്പള്ളി: പ്ലാച്ചേരി തോടിന് കുറുകെയുള്ള നടപ്പാലം തകർന്നിട്ട് ഒരു വർഷം പിന്നിടുന്നു. 4 പതിറ്റാണ്ടിന് മുമ്പ് നിർമ്മിച്ച നടപ്പാലമാണ് കാലപ്പഴക്കത്തിൽ തകർന്ന് തോട്ടിൽ പതിച്ചത്. കരുനാഗപ്പള്ളി നഗരസഭയുടെ ഒന്നാം ഡിവിഷനിലായിരുന്നു പാലമുണ്ടായിരുന്നത്. പാലം തകർന്ന് വീണതോടെ നാട്ടുകാരുടെ ദുരിതവും വർദ്ധിച്ചു. ആലുംകടവ് ശ്രീനാരായണ ജംഗ്ഷനെയും വെട്ടുകാട് ജംഗ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ മദ്ധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന തോട്ടിന്റെ ഇരു കരകളേയും ബന്ധിപ്പിച്ചാണ് പാലം നിർമ്മിച്ചിരുന്നത്.
എളുപ്പ മാർഗം ഇല്ലാതായി
ശക്തിപ്പറമ്പ് ക്ഷേത്രം മുതൽ തെക്കോട്ടുള്ളവർ ആലുംകടവിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗമായിരുന്നു പാലം. ഈ പ്രദേശത്തെ ഏറ്റവും പ്രധാന ചന്ത പ്രവർത്തിക്കുന്നത് ആലുംകടവിലാണ്.പാലം തകർന്ന് വീണതോടെ തോട്ടിന് വടക്ക് ഭാഗത്തുള്ളവർ മുണ്ടുതറ ക്ഷേത്രത്തിന് മുന്നിലുള്ള പ്രധാന റോഡിലൂടെ ഒന്നര കിലോമീറ്ററോളം അധികദൂരം യാത്ര ചെയ്തതാണ് ആലുംകടവിൽ എത്തിച്ചേരുന്നത്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആലുംകടവ്.
400 ഓളം കുടുംബങ്ങളുടെ ആശ്രയം
ഈ പാലത്തിനെ ആശ്രയിച്ചിരുന്ന 400 ഓളം കുടുംബങ്ങളുണ്ട്. പാലം തകർന്ന് വീണതോടെ ഇതു വഴിയുള്ള കാൽനട യാത്ര പോലും മുടങ്ങി. പാലം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ മുൻസിപ്പൽ അധികൃതകർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകി വർഷം ഒന്ന് കഴിഞ്ഞിട്ടും പാലം പുനർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇനി എത്രനാൾ പുതിയ പാലത്തിനായി കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.