പുനലൂർ: ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി 68 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പത്ത് നിലയുള്ള ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം അടുത്ത മാസം പൂർത്തിയാക്കണമെന്ന് മന്ത്രി കെ.രാജു കരാറുകാരന് നിർദ്ദേശം നൽകി. കെട്ടിടത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ താലൂക്ക് ആശുപത്രിയിൽ എത്തിയതായിരുന്നു മന്ത്രി. പണികൾ പൂർത്തിയാക്കാൻ കഴിയുന്ന തീയതി ഇന്ന് നൽകണമെന്നും കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ നഗരസഭ ചെയർമാൻ കെ.രാധാകൃഷ്ണൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ തുടങ്ങിയ നിരവധി പേർ മന്ത്രിക്കൊപ്പം ഇന്നലെ നിർമ്മാണ ജോലികൾ വിലയിരുത്താൻ എത്തിയിരുന്നു.
കിഫ്ബിയിൽ നിന്നും 68 കോടി
പുതിയ ആശുപത്രി കെട്ടിടം അടുത്ത മാസം അവസാനത്തോടെ നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 333 കിടക്കകളോടെയാകും ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ഒരു ദിവസം 120 തൊഴിലാളികളാണ് ഉള്ളത്. അത്യാധുനിക രീതിയിലുള്ള കൂറ്റൻ സി.ടി.സ്കാൻ, എക്സ്റേ യൂണിറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. പുതിയ കെട്ടിടത്തിന് മുന്നിലെ സൂപ്രണ്ടിന്റെ ഓഫീസ് കെട്ടിട മടക്കമുള്ള പഴയ കെട്ടിടങ്ങൾ ഉടൻ പൊളിച്ച് നീക്കാൻ ധാരണയായി. കിഫ്ബിയിൽ നിന്നും അനുവദിച്ച 68 കോടി രൂപ ചെലവഴിച്ച് പത്ത് നിലയിൽ പണി പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കെട്ടിടമെന്ന ബഹുമതിയും പൂനലൂർ ഗവ.താലൂക്ക് ആശുപത്രിക്കുണ്ട്. പത്ത് നിലയും ശിതീകരിച്ച ആശുപത്രി കെട്ടിടത്തിൽ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ലഭിക്കുന്ന തരത്തിലുള്ളചികിത്സകൾ ലഭ്യമാക്കാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിട്ടുന്നത്.