c
കൊല്ലം എയിറ്റ് പോയിന്റ് ആർട്ട് കഫേയിൽ നടക്കുന്ന രാമശേരി ഇഡ്ഡലി മേള

കൊല്ലം : രുചിയിൽ കേമനായ രാമശേരി ഇഡ്ഡലി കൊല്ലത്തെത്തി. ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട്‌ കഫേയിലാണ് രാമശേരി ഇഡ്ഡലി മേള ആരംഭിച്ചത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് ഇഡ്ഡലി നിർമ്മാണവും വില്പനയും. കേരളത്തിലെ കൊതിയൂറുന്ന പലഹാരങ്ങൾക്കിടയിൽ രാമശേരി ഇഡ്ഡലിക്ക് പ്രത്യേകിച്ച് മുഖവുര വേണ്ട. പാലക്കാട് - കോയമ്പത്തൂർ റൂട്ടിൽനിന്ന് അല്പം മാറി ഇലപ്പുള്ളിക്കടുത്താണ് രാമശേരി ഇഡ്ഡലിയുടെ ജന്മദേശം. കോയമ്പത്തൂരിൽ നിന്ന് ഇവിടെ കുടിയേറിപ്പാർത്ത മുതലിയാർ കുടുംബമാണ് പതിറ്റാണ്ടുകൾക്ക് മുൻപ് രാമശേരി ഇഡ്ഡലിയുടെ രസക്കൂട്ട് രൂപപ്പെടുത്തിയത്. ഈ രസക്കൂട്ട് മുതലിയാർ കുടുംബത്തിന് പുറത്തേക്ക് പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. തലമുറയായി കൈമാറിക്കിട്ടുന്ന രുചിക്കൂട്ട് പരമരഹസ്യമായി ഓരോ തലമുറയും കാത്തുസൂക്ഷിക്കാറാണ് പതിവ്.

മുതലിയാർ കുടുംബത്തിലെ മൂന്നാം തലമുറ

മുതലിയാർ കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട സ്മിതയും വിജയകുമാറുമാണ് കൊല്ലത്ത് രാമശേരി ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. ആറ് ഇഡ്ഡലിയും സാമ്പാറും എരിച്ചമന്തിയും വെള്ളച്ചമ്മന്തിയും അടങ്ങിയ ഒരു സെറ്റിന് 60 രൂപയാണ് വില. പാഴ്സലായും ലഭിക്കും. ഉണ്ണിയപ്പത്തിന്റെ വലിപ്പത്തിലുള്ള പത്ത് ഇഡ്ഡലികൾ രസവട പോലെ കഴിക്കാൻ സാമ്പാറിലിട്ടും കിട്ടും. ഒരാഴ്ച കൂടി മേള തുടരും.

പാചകരീതി ഇങ്ങനെ

മൺകലത്തിന്റെ വക്ക് പൊട്ടിച്ചെടുത്ത് അതിൽ നൂലുകൊണ്ട് തട്ടുണ്ടാക്കി അതിന് മുകളിൽ നൈലോൺ തുണിവിരിച്ചാണ് ഇഡ്ഡലി ചുട്ടെടുക്കുന്നത്. മൺകലത്തിൽ വെള്ളം തിളപ്പിച്ചുള്ള ആവിയിലാണ് രാമശേരി ഇഡ്ഡലി വേവുന്നത്. പൊന്നി അരിയാണ് പ്രധാനം. വളരെ മൃദുവായതും ദോശപോലെ പരന്നതുമാണ് ഈ ഇഡ്ഡലി. നൂറുകണക്കിന് പേരാണ് രാമശേരി ഇഡ്ഡലി വയറുനിറയെ കഴിച്ച് മനം നിറഞ്ഞ് തിരികെ പോകുന്നത്. 24 മണിക്കൂർ കേടുകൂടാതിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.