
നെഞ്ചിടിപ്പോടെ മുന്നണികൾ, ഒമ്പത് മണിയോടെ ജില്ലയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാകും
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളും പൂർണസജ്ജമായി. 16ന് രാവിലെ 8 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മിനിട്ടുകൾക്കകം ആദ്യ ട്രെന്റ് അറിയാനുള്ള സൗകര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കുന്നുണ്ട്. ആദ്യ ഒരു മണിക്കൂറിൽ തന്നെ ജില്ലയുടെ പൊതുട്രെന്റ് വ്യക്തമാകും. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജില്ലാ പഞ്ചായത്തിന്റെ അധികാരം ആരിലെത്തുമെന്ന് അറിയാം. ഉച്ചയ്ക്ക് മുമ്പ് തന്നെ ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലെയും ഫലം പുറത്തുവരും.
 വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കൊല്ലം കോർപ്പറേഷൻ
ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്.തേവള്ളി
ബ്ലോക്ക് പഞ്ചായത്തുകൾ (ബ്രാക്കറ്റിൽ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്തുകളും)
1. ഓച്ചിറ: ഗവ. മോഡൽ എച്ച് .എസ്.എസ് കരുനാഗപ്പള്ളി (ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന, ആലപ്പാട്, തൊടിയൂർ)
2. ശാസ്താംകോട്ട: ഗവ. എച്ച്.എസ്.എസ് ശാസ്താംകോട്ട (ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക്, പോരുവഴി, കുന്നത്തൂർ, ശൂരനാട് വടക്ക്, മൈനാഗപ്പള്ളി)
3. വെട്ടിക്കവല: ഗവ. മോഡൽ എച്ച്.എസ്.എസ് വെട്ടിക്കവല (ഉമ്മന്നൂർ, വെട്ടിക്കവല, മേലില, മൈലം, കുളക്കട, പവിത്രേശ്വരം)
4. പത്തനാപുരം: സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം (വിളക്കുടി, തലവൂർ, പിറവന്തൂർ, പട്ടാഴി വടക്കേക്കര, പട്ടാഴി, പത്തനാപുരം)
5.അഞ്ചൽ: ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് (കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ, തെന്മല, ആര്യങ്കാവ്)
6.കൊട്ടാരക്കര : ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കൊട്ടാരക്കര (വെളിയം, പൂയപ്പള്ളി, കരീപ്ര, എഴുകോൺ, നെടുവത്തൂർ)
7.ചിറ്റുമല: എം.ജി.ഡി ബോയ്‌സ് എച്ച്.എസ്.എസ് കുണ്ടറ (തൃക്കരുവ, പനയം, പെരിനാട്, കുണ്ടറ, പേരയം, കിഴക്കേ കല്ലട, മൺറോത്തുരുത്ത്).
8.ചവറ: ഗവ. എച്ച്.എസ്.എസ് ശങ്കരമംഗലം (തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര).
9.മുഖത്തല: പേരൂർ മീനാക്ഷി വിലാസം ഗവ വി.എച്ച്.എസ്.എസ് (മയ്യനാട്, ഇളമ്പള്ളൂർ, തൃക്കോവിൽവട്ടം, കൊറ്റങ്കര, നെടുമ്പന).
10.ചടയമംഗലം: എൻ.എസ്.എസ് കോളേജ് നിലമേൽ (ചിതറ, കടയ്ക്കൽ, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂർ, ഇളമാട്, നിലമേൽ, കുമ്മിൾ)
11. ഇത്തിക്കര: ഗവ. വി.എച്ച്.എസ്.എസ് ചാത്തന്നൂർ (പൂതക്കുളം, കല്ലുവാതുക്കൽ, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര).
മുനിസിപ്പാലിറ്റികൾ
1.പരവൂർ: ഗവ. എൽ.പി.എസ് കോട്ടപ്പുറം
2. പുനലൂർ: ഗവ. എച്ച്.എസ്.എസ് പുനലൂർ
3.കരുനാഗപ്പള്ളി: ഗവ. ടൗൺ എൽ.പി.എസ് കരുനാഗപ്പള്ളി
4.കൊട്ടാരക്കര: ഗവ. വി.എച്ച്.എസ് ആൻഡ് ഗേൾസ് എച്ച്.എസ് കൊട്ടാരക്കര
വോട്ടെണ്ണൽ ഇങ്ങനെ
കൊല്ലം: ബ്ലോക്ക് തലത്തിലുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നിർവഹിക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ ചുമതല ബന്ധപ്പെട്ട സെക്രട്ടറിമാർക്കാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളിൽ വോട്ടെണ്ണലിനായി ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. നഗരസഭകളിൽ ഓരോ കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റന്റുമാണുള്ളത്.
ലീഡ് വിവരങ്ങൾ തത്സമയം അറിയാം ട്രെൻഡിലൂടെ
കൊല്ലം: തദ്ദേശ വോട്ടെണ്ണലിന്റെ എല്ലാ വിവരങ്ങളും ട്രെൻഡ് സോഫ്ട്‌വെയറിലൂടെ പൊതുജനങ്ങൾക്ക് തത്സമയം ലഭിക്കും. ഇതിനായി പ്രത്യേക സംവിധാനം എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വോട്ടണ്ണലിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരങ്ങൾ സോഫ്ട്‌വെയറിന് കൈമാറും.