
തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച് അന്വേഷണത്തിന് തയ്യാറാകാതെ സർക്കാരും പൊലീസും ഒളിച്ചുകളിക്കുമ്പോൾ ശബ്ദരേഖ ചമച്ചതും പ്രചരിപ്പിച്ചതും പൊലീസാണെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ ശബ്ദരേഖാവിവാദത്തെ പുതിയ വഴിത്തിരിവിലാക്കി. സംസ്ഥാന പൊലീസിന് കീഴിലുള്ള സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരനും സ്വപ്നയ്ക്ക് കാവലിനായി നിയോഗിക്കപ്പെട്ട വനിതാ പൊലീസ് കോൺസ്റ്റബിളുമുൾപ്പെട്ട സംഘമാണ് ശബ്ദരേഖയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയാണ് സംഭവത്തെ കൂടുതൽ വിവാദമാക്കിയത്. സർക്കാരിനെതിരായ ഗൂഢാലോചനയാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് വരുത്തിതീർക്കുകയെന്ന ഉദ്ദേശവും ലക്ഷ്യവുമായിരുന്നു ശബ്ദരേഖ ചമച്ച് പ്രചരിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നാണ് പുതിയ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. സർക്കാരിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുവെന്ന് സമൂഹത്തെ ധരിപ്പിച്ച് കള്ളക്കടത്ത് കേസിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അരങ്ങേറിയത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദമെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. ശബ്ദരേഖയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത നിർദേശപ്രകാരം സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷന് നേതൃത്വം നൽകിയതെന്നും സ്വപ്ന വെളിപ്പെടുത്തി. ആഗസ്റ്റ് 6ന് നടന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണ് സ്വപ്നയ്ക്ക് കാവലുണ്ടായിരുന്നത്. കൊച്ചിയിൽ ഇ.ഡി കസ്റ്റഡിയിലായിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് വനിതാ പൊലീസുകാരിൽ ഒരാളാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചശേഷം സ്വപ്നയ്ക്ക് ഫോൺ കൈമാറിയത്. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നും സ്വപ്ന അറിയിച്ചു. ഫോണിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി ധരിപ്പിച്ചിരുന്നു. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് സംഭാഷണം റെക്കോർഡ് ചെയ്തത്. ഇതിലൊരു ഭാഗമാണ് ചോർന്നതെന്നും സ്വപ്ന അറിയിച്ചു. നവംബർ 18ന് ഒരു ഓൺലൈൻ മാദ്ധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് എൻഫോഴ്സ്‌മെന്റ് വാഗ്ദാനം നൽകിയതായും കൃത്യമായി വായിച്ചുനോക്കാൻ സാവകാശം നൽകാതെ മൊഴിപ്രസ്താവനയിൽ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും വനിതാ പൊലീസുദ്യോഗസ്ഥയുടെയും പങ്ക് പുറത്തായതോടെ ഇവർക്കെതിരെ കസ്റ്റംസ് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ വകുപ്പ് അന്വേഷണത്തിനും സാദ്ധ്യതയുണ്ട്. എന്നാൽ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തന്നിഷ്ടപ്രകാരം ചെയ്ത കാര്യങ്ങളായി കേന്ദ്ര ഏജൻസികൾ ഇതിനെ കാണുന്നില്ല. ഇതിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ നേതാക്കളുടെയോ ഇടപെടലോ ഗൂഢാലോചനയോ നടന്നിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ഇത് കണ്ടെത്താൻ സൈബർ പൊലീസ് സഹായത്തോടെയുളള അന്വേഷണം ആവശ്യമാണ്. തെളിവുകൾ ഒന്നൊന്നായി തിരിഞ്ഞുകൊത്തുന്ന സാഹചര്യത്തിൽ സർക്കാരോ സംസ്ഥാന പൊലീസോ അന്വേഷണത്തിന് തയ്യാറാകാനുള്ള സാദ്ധ്യത വിരളമാണെന്നാണ് സൂചന.