
കൊല്ലം ഓലയിൽ പൂർത്തിയായ ജില്ലയിലെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനാണ് ഈ സേവനം നൽകുന്നത്
കൊല്ലം: കൊല്ലത്ത് പ്രവർത്തനസജ്ജമായ ജില്ലയിലെ ആദ്യ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ നിന്ന് ജനുവരിവരെ ഇലക്ട്രിക് വാഹനങ്ങളിൽ സൗജന്യമായി ഇന്ധനം നിറയ്‌ക്കാം. കെ.എസ്.ഇ.ബിയുടെ കൊല്ലം ഓലയിൽ സെക്ഷൻ ഓഫീസ് പരിസരത്തുള്ള ചാർജിംഗ് സ്റ്റേഷന്റെ സേവനം കേരളപ്പിറവിദിനം മുതലാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിത്തുടങ്ങിയത്. 80 കിലോവാട്ട് ശേഷിയുള്ള ഓലയിലെ ചാർജിംഗ് സ്റ്റേഷനിൽ നിന്ന് ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം. ഏകദേശം 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. 60 കിലോവാട്ട്, 20 കിലോവാട്ട് ശേഷിയുള്ള രണ്ട് ഫില്ലിംഗ് യൂണിറ്റുകളാണ് ചാർജിംഗ് സ്റ്റേഷനിലുള്ളത്.
നിലവിൽ കാറുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. ഫെബ്രുവരി മുതൽ ചാർജിംഗ് ഫീസ് ഇടാക്കിത്തുടങ്ങും. എത്രയായിരിക്കണം ഫീസ് എന്നതിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല.
ഇന്ധനം നിറച്ചത് നൂറിലേറെ വാഹനങ്ങൾ
പ്രവർത്തനം ആരംഭിച്ച് നാൽപ്പത് ദിവസത്തിനിടെ കൊല്ലത്തെ ഇ ചാർജിംഗ് സ്റ്റേഷനെ ആശ്രയിച്ചത് നൂറിലേറെ ഇലക്ട്രിക് വാഹനങ്ങൾ. പല തവണയെത്തി ഇന്ധനം നിറച്ച വാഹനങ്ങളും ഇതിൽപ്പെടും. നഗരഹൃദയത്തിലെ ചാർജിംഗ് സ്റ്റേഷൻ വൈകാതെ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി ബോർഡ്.
രണ്ടാമത്തെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ
കരുനാഗപ്പള്ളി സബ് സ്റ്റേഷൻ പരിസരത്താണ് ജില്ലയിലെ രണ്ടാമത്തെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ ഉയരുന്നത്. ഇതിന്റെ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ആറ് ജില്ലകളിൽ ആദ്യ ഘട്ടത്തിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങുകയെന്ന നയത്തിന്റെ ഭാഗമായാണ് കൊല്ലത്ത് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാൻ ഇരുപതിലേറെ സ്ഥലങ്ങളാണ് കൊല്ലത്ത് പ്രാഥമികമായി കെ.എസ്.ഇ.ബി പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്വന്തം സ്ഥലത്താണ് നിർമ്മാണം. നാല് കിലോമീറ്റർ ചുറ്റളവിൽ ഒരു ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
അറിയേണ്ടത്
1. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറങ്ങുന്നു
2. പെട്രോൾ - ഡീസൽ വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവാണിതിന്
3. ഇലക്ട്രിക് വാഹനങ്ങൾ പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കും
4. ഇ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സർക്കാർ നയങ്ങൾ മാറുന്നു
അരമണിക്കൂറിനുള്ളിൽ ചാർജിംഗ് പൂർത്തിയാക്കാനാകും
 40 യൂണിറ്റ് വൈദ്യുതി ചാർജ് ചെയ്‌താൽ മൈലേജ്: 350 - 460 കിലോമീറ്റർ
 വീട്ടിൽ വെച്ചും വാഹനങ്ങളിൽ വൈദ്യുതി ചാർജിംഗ് നടത്താം
'' ഓലയിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനിൽ നിന്ന് ജനുവരി വരെ സൗജന്യമായി ഇന്ധനം നിറയ്ക്കാം. നിലവിൽ കാറുകൾക്ക് ഇന്ധനം നൽകാനുള്ള സൗകര്യമാണുള്ളത്.
എസ്. സാബു, ഓവർസിയർ, കെ.എസ്.ഇ.ബി , ഓലയിൽ