pezhumthuruthu
പേഴുംതുരുത്തിലെ ജങ്കാർ കടവ്

 മൺറോത്തുരുത്ത് ജങ്കാർ സർവീസിന് പുതിയ കടവ് ഒരുങ്ങുന്നില്ല

കൊല്ലം: മൺറോത്തുരുത്തിലേക്കുള്ള ‌‌ജങ്കാ‌ർ സർവീസിന് പുതിയ കടവ് ഒരുക്കി നൽകാതെ പഞ്ചായത്ത് അധികൃതർ ഉറക്കത്തിൽ. ഒന്നുകിൽ മൺറോത്തുരുത്തുകാർ കാലങ്ങളായി കാത്തിരിക്കുന്ന പാലം നിർമ്മാണം വൈകും, അല്ലെങ്കിൽ ജങ്കാർ സർവീസ് മുടങ്ങി യാത്ര മുടങ്ങും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

നിലവിൽ ജങ്കാർ സർവീസ് അടുക്കുന്ന പേഴുംതുരുത്തിലെ കടവിലാണ് പുതിയ പാലം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ പാലം നിർമ്മാണം ആരംഭിക്കാൻ കടവ് ഇവിടെ നിന്ന് മാറ്റണം. ജങ്കാറിന്റെ വഴി മാറ്റാൻ പെരുമൺ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമി വാടകയ്ക്ക് എടുക്കാൻ ധാരണയായിട്ടുണ്ട്. പക്ഷെ മൺറോത്തുരുത്തിൽ സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ല.

പാലം നിർമ്മാണത്തിനായി പൈലിംഗിനുള്ള ഒരുക്കങ്ങൾ കരാറുകാർ തുടങ്ങി. വൈകാതെ തന്നെ നിർമ്മാണം ആരംഭിക്കാൻ സാധിക്കും. എന്നാൽ മൺറോത്തുരുത്ത് ഭാഗത്ത് ജങ്കാർ കടവ് ഒരുക്കുന്നത് നീണ്ടാൽ പാലം നിർമ്മാണം വൈകും.

 ഏക ആശ്രയം, യാത്ര മുടക്കരുത്

മൺറോതുരുത്തുകാരുടെ വർഷങ്ങളായുള്ള ആശ്രയമാണ് പെരുമണിൽ നിന്നുള്ള ജങ്കാർ സർവീസ്. പാലം നിർമ്മാണത്തിന്റെ കരാറായപ്പോൾ തന്നെ പുതിയ കടവുകൾ തയ്യാറാക്കണമെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചതാണ്. ജാങ്കാർ സർവീസില്ലെങ്കിൽ കാൽനടയാത്രക്കാർ റെയിൽവേ പാലം വഴി നടന്നുവേണമെങ്കിലും അക്കരയെത്തും. പക്ഷെ വാഹനയാത്രക്കാരുടെ കാര്യം പ്രതിസന്ധിയിലാകും.

മൺറോതുരത്തുകാർ മാത്രമല്ല, പടിഞ്ഞാറെ കല്ലട വഴി നൂറുകണക്കിന് വാഹനങ്ങളാണ് ഈ ജങ്കാറിലൂടെ പെരുമണിലെത്തി കൊല്ലത്തേക്കും തിരിച്ചും പോകുന്നത്. ഒരു ദിവസം 250 ഓളം ഇരുചക്ര വാഹനങ്ങളും നൂറിലേറെ കാറുകളും ജങ്കാറിൽ അക്കരയിക്കരെ പോകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.