vote

ഓച്ചിറ: വോട്ടെണ്ണൽഅടുക്കുംതോറും കടുത്ത ആകാംക്ഷയിലാണ് ഓച്ചിറയിലെ രാഷ്ട്രീയ പ്രവർത്തകർ. നീണ്ട 35 വർഷത്തെ ഇടവേളയ്ക്കുശേഷം ലഭിച്ച ഭരണം നിലനിറുത്തുന്നതിന് യു.ഡി.എഫും അഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട ഭരണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫും ഇക്കുറി ഭരണസമിതിയിൽ പ്രാതിനിദ്ധ്യം ഉറപ്പിക്കുമെന്ന വാശിയിൽ എൻ.ഡി.എയും ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാണ് മത്സരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുമ്പോൾ തങ്ങൾ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന് എൽ.ഡി.എഫ് പറയുന്നു.

ജനസമ്മതിയുള്ള നേതാക്കൾ

പ്രസിഡന്റ് പദവി വനിതാസംവരണമാണ്. ഇതിനായി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, മുൻ ഗ്രാമപഞ്ചായംഗങ്ങൾ ഉൾപ്പടെ ജനസമ്മതിയുള്ള നേതാക്കളെയാണ് മുന്നണികൾ മത്സരരംഗത്ത് അണിനിരത്തിയിരിക്കുന്നത്. ഇരുമുന്നണികളുടെയും പ്രസിഡന്റ് സ്ഥാനാർത്ഥികൾ മത്സരിച്ച 17ാം വാർഡിൽ ശ്രദ്ധേയമായ മത്സരമാണ് നടന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി റാണികലാസാഗറും സി.പി.എം സ്ഥാനാർത്ഥി ബി.സരസ്വതിയും കടുത്ത മത്സരത്തിലായിരുന്നു. വിജയിച്ചാൽ പ്രസിഡന്റ് സ്ഥാനത്തിന് പരിഗണിക്കുന്നവരാണ് ഇരുവരും. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥി നിഷ പ്രസാദാണ്. മുൻ ബ്ലോക്ക് പ‌‌ഞ്ചായത്ത് വൈസ് പ്രസഡന്റുകൂടിയായ ആർ.ഡി പത്മകുമാറും മുൻ ബ്ലോക്ക് പഞ്ചായത്തംഗം അൻസർ.എ. മലബാറും മത്സരിച്ച ഒന്നാം വാർഡിലും ശക്തമായ മത്സരമാണ് നടന്നത്.

കൊവിഡ് ഭീതിയിൽ

കഴിഞ്ഞ ദിവസം ഓച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് പരിശോധനയിൽ ഒരു സ്ഥാനാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത് രാഷ്ട്രീയ പ്രവർത്തകരെ ആശങ്കയിലാക്കി. ആകെ 111 ആളുകളെ പരിശോധിച്ചതിൽ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6 പേർ ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങിയവരാണ്. കഴിഞ്ഞ ആഴ്ചകളിൽ പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകിയ ഇലക്ഷൻ ഡ്യൂട്ടി ഉദ്യോഗസ്ഥർ, ഇലക്ഷൻ പ്രചാരണത്തിനിറങ്ങിയ പാർട്ടി പ്രവർത്തകർ, പൊലീസുകാർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേനാ പ്രവർത്തകർ, വ്യാപാരികൾ, ഹെഡ് ലോഡ് തൊഴിലാളികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ തുടങ്ങിയവർക്കാണ് പരിശോധന നടത്തിയത്. കൊവിഡ് ടെസ്റ്റിൽ പൊസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പരിശോധന നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ഡി. സുനിൽകുമാർ അറിയിച്ചു.