 
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. മെമു പാരിപാലന ഷെഡിലെ ജീവനക്കാർക്കായുള്ള സുരക്ഷാ ക്രമീകരണങ്ങൾ, പരിസ്ഥിതി സൗഹൃദ - മാലിന്യ നിർമാർജന സംവിധാനങ്ങൾ, മെമു ട്രെയിനുകളുടെ
മികച്ച അറ്റകുറ്റപ്പണി എന്നിവയ്ക്കാണ് അംഗീകാരങ്ങൾ ലഭിച്ചത്. കൊല്ലത്ത് മെമു സർവീസ് എത്തുന്നത് 2012 മാർച്ചിലാണ്. ഇതോടൊപ്പം തന്നെ മെമു ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി കൊല്ലത്ത് മെമു ഷെഡും തുറന്നു. ആഴ്ചയിലൊരിക്കൽ അറ്റകുറ്റപ്പണിക്കായി മെമു ട്രെയിനുകളെ ഷെഡിലേക്ക് കയറ്റുന്നതിനാൽ ആറ് ദിവസമാണ് എല്ലാ മെമു ട്രെയിനുകളും സർവീസ് നടത്തുന്നത്. ലോക്ക് ഡൗണിന് തൊട്ട് മുമ്പ് ആധുനികസുരക്ഷാ സംവിധാനങ്ങളോടെ കൊല്ലത്തെത്തിയ ത്രീഫേസ് മെമുവിന്റെ അറ്റകുറ്റപ്പണികളും ഇവിടെയാണ് നടത്തുന്നത്.
ആറ് റേക്കുകളുടെ പരിപാലനം
ആദ്യ ഘട്ടത്തിൽ രണ്ട് റേക്കുകൾ മാത്രം പരിപാലിച്ചിരുന്ന മെമു ഷെഡിന് ഇന്ന് ആറ് റേക്കുകളുടെ പരിപാലനം നിർവഹിക്കാനുള്ള ശേഷിയുണ്ട്. ലോക്ക് ഡൗണിന് മുമ്പ് കൊല്ലം - കന്യാകുമാരി, കൊല്ലം - ആലപ്പുഴ, കൊല്ലം - എറണാകുളം തുടങ്ങിയ റൂട്ടുകളിൽ മെമു ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു. എല്ലാ സ്റ്റേഷനുകളിലും നിറുത്തുകയും അതിവേഗതയിൽ ലക്ഷ്യസ്ഥാനത്തേക്ക് പായുകയും ചെയ്തിരുന്ന മെമു ട്രെയിനുകളെയാണ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള സ്ഥിരം യാത്രികർ കൂടുതലായി ആശ്രയിച്ചിരുന്നത്.