pic

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെ ജനം ആദരവോടെ കാണുമ്പോൾ ഹെൽത്ത് ഇൻസ്പെക്ടറും ഡോക്ടറും ചമഞ്ഞ് സ്ത്രീകളുടെ മാനം കവരുന്ന വിരുതനായി പൊലീസ് തെരച്ചിൽ തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഡോക്ടറെന്നും ഹെൽത്ത് ഇൻസ്പെക്ടറെന്നും പരിചയപ്പെടുത്തി വീടുവീടാന്തരമെത്തി സ്ത്രീകളുടെ ശരീരപരിശോധനയ്ക്ക് മുതിർന്നത്. നെയ്യാറ്റിൻകര പ്രദേശത്തെ ചില വീടുകളിലെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികളും പെൺകുട്ടികളും വീടുകളിൽ നിന്ന് ഇറങ്ങിയോടി അയൽവാസികളെ വിവരം അറിയിച്ചെങ്കിലും ഇയാൾ നാട്ടുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നെയ്യാറ്റിൻകര ,​മരുതത്തൂർ, കണ്ണൻകുഴി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഹെൽത്ത് ഇൻസ്‌പെക്ടറെന്ന് പരിചയപ്പെടുത്തിയ ഒരാൾ നിരവധി വീടുകളിലെത്തിയാണ് പെൺകുട്ടികളോട് മോശമായി പെരുമാറിയത്. വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചശേഷം മുറി തുറക്കാനും ശരീരം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായാണ് പരാതി. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പെൺകുട്ടികൾ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇയാളുടെ സഞ്ചാരം. സി.സി ടിവി ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകൾ സമാഹരിച്ച പൊലീസ് രേഖാചിത്രം തയ്യാറാക്കി ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം പദ്ധതിയുടെ ഭാഗമായി മാറിലെ കാൻസ‌ർ പരിശോധനയ്ക്കായി എത്തിയ ഡോക്ടറാണെന്ന പേരിൽ കഴക്കൂട്ടം,​ ചെമ്പഴന്തി,​ ശ്രീകാര്യം,​ വെമ്പായം,​ പോത്തൻകോട് പ്രദേശങ്ങളിലെ ചില വീടുകളിലും മുമ്പ് ഒരു യുവാവ് പരിശോധനയ്ക്കായി എത്തിയിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടറാണെന്നും മോഹൻകുമാറെന്നാണ് പേരെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സ്ത്രീകളെ പരിശോധനയ്ക്ക് വിധേയനാക്കിയ ഇയാൾ തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജിലെത്തിയപ്പോഴാണ് അവിടെ അങ്ങനെ ഒരു ഡോക്ടറില്ലെന്ന് ബോദ്ധ്യപ്പെട്ടത്. ഇക്കാര്യത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിയാതിരുന്നപ്പോഴാണ് മാസങ്ങൾക്ക് ശേഷം നെയ്യാറ്റിൻകര ഭാഗത്ത് വീണ്ടും തട്ടിപ്പ് ആരംഭിച്ചത്. മാരായമുട്ടം സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇത്തരത്തിൽ ഡോക്ടറോ ഹെൽത്ത് ഇൻസ്പെക്ടറോ ചമഞ്ഞ് ആരെങ്കിലും പരിശോധനയ്ക്കെത്തിയാൽ വിവരം ഉടൻ പൊലീസിനെ അറിയിക്കണമെന്ന് റൂറൽ പൊലീസ് സെപ്ഷ്യൽ ബ്രാഞ്ച് അറിയിച്ചു.