camera

 സിറ്റി സർവയലൻസ് പദ്ധതിയുമായി പൊലീസ്

കൊല്ലം: നഗരത്തിലെ ക്രമസമാധാന പാലനം കാര്യക്ഷമമാക്കാനും കുറ്റവാളികളെ അതിവേഗം പിടികൂടാനും 50 നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. പൊലീസിന്റെ സിറ്റി സർവയലൻസ് പദ്ധതിയുടെ ഭാഗമായി 13 കേന്ദ്രങ്ങളിലാണ് പുതുതായി കാമറ സ്ഥാപിക്കുന്നത്.

41 കാമറകൾ ഒരു ദിശയിലെ ദൃശ്യങ്ങൾ മാത്രം ഒപ്പിയെടുക്കുന്നവയാണ്. ബാക്കി 9 എണ്ണം 360 ഡിഗ്രിയിൽ ചുറ്റിക്കറങ്ങുന്ന തരത്തിലുള്ളവയാണ്. സിറ്റി പൊലീസിന്റെ കൺട്രോൾ റൂമിലാണ് ഇവയുടെ നിയന്ത്രണം. ദൃശ്യങ്ങളും ഇവിടെ സൂക്ഷിക്കും. ഹെൽമെറ്റ് ധരിക്കാതെയുള്ള ബൈക്ക് യാത്ര, അമിതവേഗത തുടങ്ങിയ ഗതാത നിയമലംഘനൾ കണ്ടെത്തി പിഴ ചുമത്താനും പുതിയ കാമറാ ദൃശ്യങ്ങൾ ഉപയോഗിക്കും.

ഒന്നര മാസത്തിനുള്ളിൽ

കെൽട്രോണിനാണ് കാമറകൾ സ്ഥാപിക്കാനുള്ള ചുമതല. ഒന്നര മാസത്തിനുള്ളിൽ സ്ഥാപിച്ച് നിരീക്ഷണം ആരംഭിക്കാനാണ് തീരുമാനം.

കാമറകൾ സ്ഥാപിക്കുന്ന സ്ഥലങ്ങളും എണ്ണവും

കാവനാട്- 5, കാവനാട് ബൈപ്പാസ് ആരംഭിക്കുന്ന ഭാഗം- 2, നീണ്ടകര പാലം- 3, അയത്തിൽ ജംഗ്ഷൻ- 6, ചെമ്മാംമുക്ക്- 4, ആർ.ഒ.ബി ജംഗ്ഷൻ- 5, കൊച്ചുപിലാംമൂട്- 4, ആൽത്തറമൂട് ജംഗ്ഷൻ- 3, അമ്മച്ചിവീട് ജംഗ്ഷൻ- 4, കളക്ടറേറ്റ് ജംഗ്ഷൻ- 3, വെള്ളയിട്ടമ്പലം- 2, രാമൻകുളങ്ങര-2

നിലവിലുള്ളവ പ്രവർത്തനരഹിതം

2014ൽ പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 14 കാമറകൾ സ്ഥാച്ചിരുന്നു. ഇതിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പരിപാലന കരാറിന്റെ കാലാവധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണിയും നടക്കുന്നില്ല. നഗരസഭ കഴിഞ്ഞവർഷം 24 കാമറകൾ സ്ഥാപിച്ചിരുന്നു. പലയിടങ്ങളിലും കേബിളുകൾ മുറിഞ്ഞതിനാൽ ഇതിൽ രണ്ടെണ്ണത്തിൽ നിന്നുള്ള ദൃശ്യങ്ങളേ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നുള്ളു.