photo
കൈയ്യേര്റത്തിന് വിധേയമാകുന്ന പ്ലാച്ചേരി തോട്.

കരുനാഗപ്പള്ളി: കൈയ്യേറ്റങ്ങൾക്കൊണ്ട് നൂലുപോലായി പഴമയുടെ കഥപറയുന്ന പ്ളാച്ചേരിതോട്. കാർഷിക ആവശ്യങ്ങൾക്ക് രാജഭരണ കാലത്ത് നിർമ്മിച്ച തോടിന്റെ പഴക്കം അറിയാവുന്നവർ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും തോടിനെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. നഗരസഭയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ പ്രധാന നീർച്ചാലായ പ്ലാച്ചേരി തോടിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി നിർമ്മിച്ച് സംരക്ഷിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ടി.എസ്.കനാലിൽ നിന്നും ആരംഭിച്ച് 3 കി.മി പിന്നിട്ട് കരുനാഗപ്പള്ളി നഗരസഭയുടെ വടക്കേ ആറ്റമായ കണ്ണംങ്കര മുക്കിലാണ് തോട് അവസാനിക്കുന്നത്. നഗരസഭയുടെ 1, 2 ഡിവിഷനുകളിലൂടെയാണ് തോട് കടന്ന് പോകുന്നത്. മുണ്ടുതറ പാടശേഖരം, ശക്തപ്പറമ്പ് വയലേല, കരിപ്പുറത്ത് പാടശേഖരം, കണ്ണങ്കര പാടശേഖരം തുടങ്ങിയവയെല്ലാം പ്ലാച്ചേരി തോടിന്റെ പരിധിയിൽ വരുന്ന കൃഷിയിടങ്ങളായിരുന്നു. ഇവിടങ്ങളിൽ കൃഷി ഇല്ലാതാകുന്നതിന് കർഷകരുടെ ഏക ആശ്രയമായിരുന്നു പ്ളാച്ചേരി തോട്.

കെട്ട് വള്ളങ്ങൾ വന്ന വഴി

കൃഷിയിടങ്ങളിലേക്ക് വിത്തും വളവും ഉൾപ്പടെയുള്ള സാധനങ്ങൾ കെട്ടുവള്ളങ്ങളിൽ കൊണ്ട് പോകുന്നതിനും കൊയ്ത്തിന് ശേഷം കറ്റകൾ വള്ളങ്ങളിൽ കൊണ്ട് വന്നിരുന്നതും ഈ തോട് വഴിയായിരുന്നു. വലിയ കെട്ട് വള്ളങ്ങൾ സാധനങ്ങളുമായി ഇതു വഴി വന്നിരുന്നു. പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ അതിനാവശ്യമായ കല്ലും കട്ടയും സിമന്റും എല്ലാം കൊണ്ട് വന്നിരുന്നത് തോട്ടിലൂടെ യായിരുന്നു.കാൽ നൂറ്റാണ്ടിന് മുമ്പ് വരെ തോടിന് 10 മീറ്രറോളം വീതി ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് ഭാഗത്ത് നിന്നും കരുനാഗപ്പള്ളി നഗരസഭയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുമുള്ള മഴവെള്ളം ഒഴുകി ടി.എസ്.കനാലിൽ പ തിച്ചിരുന്നത് തോട്ടിലൂടെയായിരുന്നു.

വീതി കുറഞ്ഞ് തോട്

ഇന്ന് ഒരു കൊതുമ്പ് വള്ളം പോലും തോട്ടിലൂടെ കടന്ന് വരാത്ത വിധം വീതി കുറഞ്ഞിരിക്കുന്നു. തോടിന്റെ പലയിടങ്ങളിലും 4 മീറ്ററിൽ താഴെ മാത്രമാണ് വീതി. തോട്ടിന് ഇരുവശങ്ങളും വ്യാപകമായി കൈയ്യേറിയിരിക്കുകയാണ്. തോടിന്റെ വിവിധയിടങ്ങളിയായി 600 മീറ്ററോളും ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടുണ്ട്. അവിടെ മാത്രമാണ് തോടിന് വീതിയുള്ളത്. വള്ളങ്ങൾ വരാതായതോടെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് വലയുന്നത്. പുതുതായി വീട് നിർമ്മിക്കാനുള്ള സാധനങ്ങൾ അകലെയുള്ള റോഡിന്റെ വശങ്ങളിൽ ഇറക്കിയ ശേഷം തലച്ചുമടായാണ് നാട്ടുകാർ വീട്ടു വളപ്പുകളിൽ എത്തിക്കുന്നത്.അത് അമിതചെലവിന് കാരണമാകുന്നു. തോടിന്റെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

കരുനാഗപ്പള്ളിയിലെ പ്രധാന ജലസംഭരണികളിൽ ഒന്നാണ് പ്ലാച്ചേരി തോട്. തോടിന്റെ വശങ്ങളിൽ വർഷങ്ങളായി വ്യാപകമായ കൈയ്യേറ്റമാണ് നടക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. തോട് ഒരോ ദിവസം കഴിയുമ്പോഴും ശോഷിച്ച് വരികയാണ്. തോടിനെ പൂർവ്വാവസ്ഥയിൽ എത്തിക്കാൻ കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് , സംരക്ഷണ ഭിത്തി നിർമ്മിച്ച് തോട് സംരക്ഷിക്കണം.

ആർ.ദേവരാജൻ, പൊതു പ്രവർത്തകൻ