
കൊല്ലം: സാഹിത്യ വിമർശകൻ കെ.പി. അപ്പന്റെ 12-ാം ചരമ വാർഷിക ദിനം നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ അപ്പൻ കൃതികളുടെ പ്രദർശനങ്ങളോടെ ഇന്ന് ആചരിക്കും. രാവിലെ 10ന് കെ.പി. അപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ ഗ്രന്ഥശാലാ പ്രസിഡന്റ് ബേബി ഭാസ്‌കർ ദീപം തെളിക്കുന്നതോടെ പ്രദർശനത്തിന് തുടക്കമാകും. കെ.പി. അപ്പന്റെ ആദ്യ കൃതിയായ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം' മുതൽ മരണാനന്തരം പ്രസിദ്ധീകരിച്ച 'ഫിക്ഷന്റെ അവതാരലീലകൾ' വരെയുള്ള കൃതികളാണ് പ്രദർശിപ്പിക്കുക.
2008 ഡിസംബർ 15നാണ് കെ.പി. അപ്പൻ അന്തരിച്ചത്. 1996 മുതൽ അദ്ദേഹം വിജയദശമി ദിനത്തിൽ നവോദയം ഗ്രന്ഥശാലയിൽ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കാൻ എത്തിയിരുന്നു. പൊതുവേദികളിൽ നിന്ന് അകന്നുനിന്നിരുന്ന അദ്ദേഹം പങ്കെടുത്തിരുന്ന ഏക പൊതുചടങ്ങായിരുന്നു ഗ്രന്ഥശാലയിൽ സംഘടിപ്പിച്ചിരുന്ന വിദ്യാരംഭം. കെ.പി. അപ്പന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം മുതൽ ഗ്രന്ഥശാലയിൽ സഹപ്രവർത്തരും ശിഷ്യരും സാഹിത്യാസ്വാദകരും പങ്കെടുക്കുന്ന സ്മൃതി സംഗമം നടന്നിരുന്നു. കൊവിഡ് നിയന്ത്രണത്തെ തുടർന്നാണ് ഇക്കുറി കൃതികളുടെ പ്രദർശനം മാത്രമായി ദിനാചരണം സംഘടിപ്പിക്കുന്നത്.