arrest

പരവൂർ: യുവാവിനെ മാരകായുധവുമായി വീടുകയറി ആക്രമിച്ച കേസിൽ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പിടിയിലായി. പരവൂർ കോങ്ങാൽ തിരുവാതിരയിൽ ജൂനി എന്ന് വിളിക്കുന്ന ഷിനുവിനെ (24) ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ വള്ളക്കടവ് കുമാരഭവനിൽ സിജുവിനെയാണ് (31) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിനു നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പരവൂരിലെ ബാർ ഹോട്ടലിലെ ജീവനക്കാരാണ് പ്രതി സിജു. ഇയാളോടൊപ്പം ജോലി നോക്കിയിരുന്ന ഷിനു അടുത്തിടെ പരവൂരിൽ സ്വന്തമായി റെസ്റ്റോറന്റ് ആരംഭിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ കലയ്‌ക്കോട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും ബാർ ഹോട്ടലിലെ ജീവനക്കാരന്റെ കൈവിരൽ വെട്ടി മുറിച്ച കേസിലും ഉൾപ്പെടെ 15ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് സിജു.