കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കൊല്ലം ബീച്ചിലും ആശ്രാമം മൈതാനത്തും ഒത്തുചേരലിന്റെ സന്തോഷങ്ങൾ തിരികെയെത്തി. സമയം ചെലവിടാനും സൗഹൃദങ്ങൾ പുതുക്കാനും നഗരത്തിലെ സൗഹൃദക്കൂട്ടങ്ങൾ ബീച്ചിലെ മണൽ പരപ്പിൽ കൂട്ടംകൂടി തുടങ്ങി. ആശ്രാമം മൈതാനത്ത് നഗരത്തിലെ കുടുംബങ്ങളും സുഹൃത്തുക്കളും വൈകുന്നേരങ്ങൾ ചെലവിടാൻ എത്തുന്നുണ്ട്.
ജനങ്ങൾക്ക് ഒത്തുചേരാൻ കൂടുതൽ അവസരങ്ങളൊരുക്കി വിവിധ ഫെസ്റ്റുകളും നഗരത്തിൽ തുടങ്ങിയിട്ടുണ്ട്. കുട്ടികളെയും കൂട്ടിയാണ് രക്ഷിതാക്കളിൽ പലരും പുറത്തിറങ്ങുന്നത്. എന്നാൽ ചിലർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും എല്ലായിടത്തും ഉണർവ് പ്രകടമാണ്. ബീച്ചിൽ എത്തുന്നവർ കൊവിഡ് മാനദണ്ഡങ്ങൾക്കൊപ്പം ലൈഫ് ഗാർഡുകളുടെ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
വലിപ്പവും സൗന്ദര്യവും കൂട്ടി കൊല്ലം ബീച്ച്
അടുത്തിടെ ഒന്നരക്കോടിയോളം രൂപ മുടക്കി കൊല്ലം ബീച്ചിന്റെ വലിപ്പം ഇരുഭാഗത്തേക്കും വർദ്ധിപ്പിച്ചിരുന്നു. ബീച്ചിലെ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ടൂറിസം വകുപ്പിന്റെ ഇടപെടൽ. ഇതോടെ ജനങ്ങൾ ഒരു ഭാഗത്ത് മാത്രം ഒത്തുകൂടുന്ന പതിവിന് മാറ്റമുണ്ടാകും. മണൽ പരപ്പ് വിശാലമാക്കിയതിനൊപ്പം കൂടുതൽ ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്.