
കൊല്ലം: സവാളവില പൊള്ളുമ്പോഴും കൊള്ള അവസാനിപ്പിക്കാതെ ചില്ലറ വ്യാപാരികൾ ഉപഭോക്താക്കളെ പിഴിയുന്നു. ഒരു കിലോ സവാളയ്ക്ക് 43 രൂപയായിരുന്നു നഗരത്തിലെ ഇന്നലത്തെ മൊത്തവില. എന്നാൽ കൊല്ലം നഗരത്തിനോട് ചേർന്ന് കച്ചവടം നടത്തുന്ന ചില്ലറ കച്ചവടക്കാർ 50 രൂപയ്ക്കാണ് സവാള വിൽക്കുന്നത്. ചിലർ ഒരു പടികൂടി കടന്ന് 55 രൂപയ്ക്ക് വിറ്റ് കൊള്ളലാഭം കൊയ്യുകയാണ്. മൊത്ത വിപണിയിൽ ഈ മാസം ആദ്യം മുതൽ 43 മുതൽ 45 രൂപ വരെയാണ് സവാളവില. ഒരാഴ്ച മുൻപ് എത്തിയ ലോഡിന് 32 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം വീണ്ടും 43 ലേക്ക് ഉയർന്നു. ഈ ഏറ്റക്കുറച്ചിലുകൾ ചില്ലറ വിപണിയിൽ കാര്യമായി പ്രതിഫലിച്ചിട്ടേയില്ല.
വില കുറഞ്ഞത് ഹോർട്ടികോർപ്പിന്റെ ഇടപെടലിലൂടെ
ആഗസ്റ്റിൽ കിലോയ്ക്ക് 20 രൂപയായിരുന്ന സവാള വില ഓണക്കാലത്താണ് ചെറുതായി ഉയർന്നത്. ഒക്ടോബർ ആദ്യം 60 രൂപയായും പിന്നീട് ക്രമേണെ 100 രൂപയിലേക്കും കുതിച്ചു. ഹോർട്ടികോർപ്പ് നാഫെഡ് വഴി സവാള എത്തിച്ച് 45 രൂപയ്ക്ക് വില്പന തുടങ്ങിയതോടെ വില ചെറുതായി ഇടിഞ്ഞു തുടങ്ങി. പക്ഷെ ന്യായവിലയിലേക്ക് ഇനിയും താഴ്ന്നിട്ടില്ല. വില 100ലേക്ക് ഉയർന്നപ്പോൾ പൊതുവിതരണ വകുപ്പ് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. ഇപ്പോൾ പരിശോധനകൾ നിലച്ചിരിക്കുകയാണ്.
കണ്ണീർ വറ്റിച്ച് കൊച്ചുള്ളി
ഒക്ടോബർ പകുതിയോടെ 85ലേക്ക് ഉയർന്ന കൊച്ചുള്ളിയുടെ വിലയിലും കാര്യമായ മാറ്റമില്ല. ഇന്നലെ 75 രൂപയായിരുന്നു മൊത്തവില. 80 മുതൽ 85 രൂപ വരെയാണ് പല സ്ഥലങ്ങളിലെയും ചില്ലറ വില. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ സീസൺ ആരംഭിക്കുന്നതോടെ വില ഇടിയുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഓണക്കാലത്തെ 40 രൂപയിൽ നിന്നാണ് കൊച്ചുള്ളിയുടെ വില കുത്തനെ ഉയർന്നത്.
നഗരത്തിലെ ഇന്നലത്തെ മൊത്തവില: 43 രൂപ (ഒരു കിലോ)
ചില്ലറ കച്ചവടക്കാർ വിൽക്കുന്നത്: 50 - 55 രൂപ