qac
ക്വയിലോൺ അത്‌ലറ്റിക് ക്ളബ് അങ്കണത്തിൽ കായിക പരിശീലനം പുനരാരംഭിച്ചപ്പോൾ

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതോടെ കൊല്ലം ക്വയിലോൺ അത്‌ലറ്റിക് ക്ലബിൽ (ക്യു.എ.സി) നിന്ന് വീണ്ടും ആരവങ്ങളുയരാൻ തുടങ്ങി. ക്യു.എ.സി ഹാളിൽ അംഗങ്ങൾ കൂടിയിരുന്ന് ഐ.എസ്.എല്ലിനെക്കുറിച്ചടക്കം ചർച്ചകൾ കൊഴുപ്പിക്കുമ്പോൾ ക്ലബിന്റെ മൈതാനത്ത് ഫുട്ബാൾ, വോളിബാൾ കളികൾ തിമിർക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്യു.എ.സിയുടെ മൈതാനവും ശൂന്യമായിരുന്നു. നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കഴിഞ്ഞയാഴ്ച ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗം ക്ലബിനെ പഴയ ഗതിവേഗത്തിലേക്ക് മടക്കിക്കൊണ്ടുപോകാൻ തീരുമാനിച്ചു. നിലച്ച കായിക പരിശീലനങ്ങൾ വരുംദിവസങ്ങളിൽ പുനരാരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾക്കുള്ള പരിശീലന ക്യാമ്പുകളും വൈകാതെ തുടങ്ങും.

 കെ. തങ്കപ്പൻ അനുസ്മരണം ഇന്ന്

അരനൂറ്റാണ്ടിലേറെക്കാലം ക്യു.എ.സിയുടെ അമരക്കാരനും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന കെ. തങ്കപ്പന്റെ അഞ്ചാം ചരമവാർഷികത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 5ന് ക്ലബ് ഹാളിൽ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന യോഗത്തിൽ എം. നൗഷാദ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ക്ലബ് പ്രസിഡന്റ് അഡ്വ. അനിൽകുമാർ അമ്പലക്കര അദ്ധ്യക്ഷത വഹിക്കും.