മേൽക്കൂരയും ഭിത്തിയും തകർന്നു
കൊല്ലം: കേരളപുരം ഇ.എസ്.ഐ ക്വാർട്ടേഴ്സുകളുടെ കെട്ടിടങ്ങൾ മിക്കതും ഉപയോഗമില്ലാതെ കാടുമൂടി നശിക്കുന്നു. ഇവിടെ പാമ്പുശല്യം കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. കേരളപുരം ഇ.എസ്.ഐ ഡിസ്പെൻസറിയുടെ പുറകുവശത്താണ് പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച ക്വാർട്ടേഴ്സുകൾ സ്ഥിതിചെയ്യുന്നത്. രണ്ടേക്കർ സ്ഥലമാണ് ഇ.എസ്.ഐയ്ക്കുള്ളത്. ഡിസ്പെൻസറി സ്ഥാപിച്ചപ്പോൾത്തന്നെ ജീവനക്കാർക്കായി 21 ക്വാർട്ടേഴ്സ് കെട്ടിടങ്ങളും നിർമ്മിച്ചിരുന്നു. എന്നാൽ പിന്നീട് ഇവയിൽ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് 11 കെട്ടിടങ്ങൾ പൂർണമായും നശിച്ചത്. കെട്ടിടങ്ങളുടെ മേൽക്കൂരയും ഭിത്തികളും ഇളകി ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലാണ്. ശേഷിച്ച 10 എണ്ണത്തിന് വലിയ തോതിൽ നാശമുണ്ടായിട്ടില്ല. ഇതിൽ ഏഴെണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടങ്ങളും നശിക്കാൻ തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താൻ ഇ.എസ്.ഐ അധികൃതർ നടപടി കൈക്കൊള്ളാറില്ലെന്ന ആക്ഷേപം ശക്തമാണ്. കശുഅണ്ടി തൊഴിലാളികൾ ഏറെയുള്ള മേഖലയിൽ തൊഴിലാളികൾക്ക് ഏറെ ആശ്വാസമായിരുന്ന ഡിസ്പെൻസറി ഇപ്പോൾ പരാധീനതകളിൽ വീർപ്പുമുട്ടുകയാണ്.
ഇഴജന്തുക്കളും തെരുവ് നായ്ക്കളും
രാത്രികാലങ്ങളിൽ ക്വാർട്ടേഴ്സിലെ താമസക്കാർ പുറത്തേക്കിറങ്ങാറില്ല. ഇഴജന്തുക്കളെ മിക്കപ്പോഴും ഇവിടൊക്കെ കാണാറുള്ളതിനാൽ ഭീതിയിലാണവർ. തെരുവ് നായ്ക്കളും ക്വാർട്ടേഴ്സ് പരിസരം താവളമാക്കിയിട്ടുണ്ട്. ഇവിടെ നട്ടിരിക്കുന്ന വാഴകൾ ശരിയായ വിധം പരിപാലിക്കുന്നുമില്ല. വിത്ത് മാറ്റി നടാത്തതിനാൽ ഒരു മൂട്ടിൽ നിന്നുതന്നെ വാഴ കൂടുതലായി വളർന്ന് കെട്ടിടങ്ങൾ കാണാനാകാത്തവിധമായി മാറി. ക്വാർട്ടേഴ്സുകളിൽ കുടിവെള്ളത്തിനും ബുദ്ധിമുട്ടുകളുണ്ടെന്ന് താമസക്കാർ പറയുന്നു.
ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ 21
പൂർണമായും നശിച്ചത് : 11
താമസക്കാരുള്ളത് : 7