 
കൊല്ലം: പുത്തൂർ പട്ടണത്തിൽ റോഡ് തകർന്ന് കുണ്ടും കുഴിയുമായിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നിന്നും മാറനാട് റോഡിന്റെ തുടക്കഭാഗമാണ് തകർന്നത്. ടാറിംഗ് പൂർണമായും ഇളകിമാറി ഇപ്പോൾ കുഴികൾ രൂപപ്പെട്ടിരിക്കയാണ്. മെറ്റലുകൾ ഇളകിത്തെറിക്കുന്നത് അപകടങ്ങൾക്കും കാരണമാകാറുണ്ട്. മഴ പെയ്താൽ ഈ കുഴികളിൽ വെള്ളം കെട്ടി നിൽക്കുകയും കൂടുതൽ ദുരിതമാവുകയും ചെയ്യും.
ഗതാഗത തടസവും
പട്ടണത്തിന്റെ ഹൃദയഭാഗത്ത് മാസങ്ങളായി ഈ ദുരിതാവസ്ഥ നിലനിന്നിട്ടും അധികൃതർ വേണ്ട പരിഹാര മാർഗം കണ്ടെത്താത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ, കിഴക്കേ ചന്ത, ബിവറേജസ് ഒൗട്ട്ലെറ്റ്, മാവേലി സ്റ്റോർ, സഹകരണ ബാങ്ക് എന്നിവയൊക്കെ പ്രവർത്തിക്കുന്ന ഭാഗത്തേക്കുള്ള പ്രധാന റോഡാണ് തകർന്ന് തരിപ്പണമായത്. തിരക്കേറിയ പട്ടണത്തിൽ റോഡിന്റെ ശോചനീയ സ്ഥിതി കാരണം വാഹനങ്ങൾ കടന്നുപോകാൻ കൂടുതൽ സമയമെടുക്കുന്നത് ഗതാഗത തടസങ്ങളുമുണ്ടാക്കുന്നുണ്ട്.
അറ്റകുറ്റപ്പണികൾ നടത്തണം
ക്രിസ്‌മസ് തിരക്കെത്തും മുൻപ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചീരങ്കാവ്- മാറനാട്- പുത്തൂർ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും അത് പുത്തൂരെത്താൻ ഇനിയും ഏറെ വൈകും. അതുവരെ ഈ ദുരിതത്തിൽ കൂടി യാത്ര ചെയ്യേണ്ടിവരുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. മണ്ഡപം ജംഗ്ഷനിൽ നിന്നും ഞാങ്കടവ് ഭാഗത്തേക്കുള്ള റോഡ് ഇതിലും ഗതികേടിലായിരുന്നു. എന്നാൽ അടുത്തിടെ അതിന്റെ ടാറിംഗ് ഉൾപ്പടെ നടത്തി. ഒരിടത്തെ ദുരിതാവസ്ഥ മാറിയപ്പോൾ മറ്റൊരിടത്ത് റോഡ് തകർന്നതിന്റെ ഗതികേടിലാണ് ഓട്ടോ ഡ്രൈവർമാരും. തകർന്ന റോഡുകളിലൂടെ പോയാൽ ഓട്ടോയ്ക്ക് എന്നും പണിയാണ്. വേണ്ട മൈലേജ് കിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു. ചെറിയ വാഹനയാത്രക്കാരെല്ലാം ഈ പരാതികൾ പറയുന്നുണ്ടെങ്കിലും അധികൃതർ മാത്രം അതൊന്നും ഗൗരവത്തിലെടുക്കുന്നില്ല.