swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ ചമച്ചതിനും പ്രചരിപ്പിച്ചതിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയം. ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ ഇടത് ആഭിമുഖ്യമുളള പൊലീസ് അസോസിയേഷൻ പ്രവർത്തകയായ വനിതാ പൊലീസുകാരിയും പ്രചരിപ്പിക്കാൻ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവും സഹായിച്ചതായി കണ്ടെത്തിയതോടെയാണ് ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിന്റെ അറിവും അനുവാദവുമുണ്ടാകാമെന്ന സംശയം ജനിക്കുന്നത്. മാത്രമല്ല ശബ്ദരേഖ വിവാദമാകുകയും രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയാക്കുകയും ചെയ്തിട്ടും അതിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകാതിരുന്നതും സംശയം ബലപ്പെടുത്തുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളോടെ

തദ്ദേശ തിരഞ്ഞെടുപ്പ് പോരിനിടെ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയലാക്കോടെ നടത്തുന്ന അന്വേഷണമാണ് ഇതെന്ന് വരുത്തി വോട്ടർമാരെ തങ്ങൾക്ക് അനുകൂലമാക്കാൻ സി.പി.എം പയറ്റിയ അടവായാണ് രാഷ്ട്രീയ പ്രതിയോഗികൾ ഇതിനെ വ്യാഖ്യാനിക്കുന്നത്.ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയും സർക്കാരിന്റെയും അറിവോടെയാകും പൊലീസ് സംഘടനാനേതാക്കൾ ഇതിന് മുതിർന്നതെന്നാണ് കരുതപ്പെടുന്നത്.

സ്വർണക്കടത്ത് , ലൈഫ് കോഴ ഇടപാടിൽ പ്രതിച്ഛായ തകർന്ന സർക്കാരിന് അനുകൂലമായ തരംഗം സൃഷ്ടിക്കാമെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കരുതിയതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ ഇത് ഫലത്തിൽ തിരിച്ചടിയാകുകയായിരുന്നു.

തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് സ്വപ്നയെ ഇതിന് പ്രേരിപ്പിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത്. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും ഇത് റെക്കോർഡ് ചെയ്യുന്നതിലും പുറത്തുവിടുന്നതിലും പങ്കാളിയായതായി സൂചനയുണ്ട്.

കാവലിന് നിയോഗിച്ചത് ഇടത് ആഭിമുഖ്യമുള്ളവരെ

വനിതാ പൊലീസ് വിളിച്ചുതന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണ് പുറത്തുവന്നതെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് കേന്ദ്ര ഏജൻസികൾ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം അഞ്ച് വനിതാ പൊലീസുകാരുടെ കാവലിലായിരുന്നു സ്വപ്ന. ഇവരെല്ലാം ഇടത് അനുഭാവികളാണ്. സ്വപ്നയെ ഒരു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് മറ്റ് രണ്ട് വനിതാ പൊലീസുകാർ കാവലിനുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പൊലീസുകാരെ സ്ഥിരമായി കാവലിനു നിയോഗിച്ചത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇ.ഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖയാണ് വിവാദങ്ങൾക്കിടയാക്കിയത്. ഒരു ഓൺലൈനിലൂടെ ഇത് പുറത്ത് വിട്ടതിന് പിന്നാലെ ഇടതുപക്ഷ നേതാക്കളെല്ലാം ഇത് സജീവ ചർച്ചാവിഷയമാക്കുകയും അന്വേഷണ ഏജൻസികൾക്കെതിരെയുളള ആയുധമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.