
തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ മകന്റെ ദേഹവിയോഗത്തിൽ തളർന്നുപോയ അമ്മയ്ക്ക് നേമം പൊലീസ് സ്റ്റേഷനിൽ ഫോർട്ട് എ.സിയുടെ മുന്നിലെത്തി മൊഴി നൽകാൻ പൊലീസിന്റെ നിർബന്ധം. കഴിഞ്ഞദിവസം കാരയ്ക്കാമണ്ഡപത്തിന് സമീപം അജ്ഞാതലോറി ഇടിച്ച് മരിച്ച ഭാരത് ലൈവ് ന്യൂസ് പോർട്ടൽ ഡയറക്ടർ പള്ളിച്ചൽ ഗോവിന്ദഭവനിൽ എസ്.വി. പ്രദീപിന്റെ അമ്മ വസന്തകുമാരിയ്ക്കാണ് ഈ ദുരനുഭവം. മകന് അപകടം സംഭവിച്ചുവെന്നറിഞ്ഞതോടെ തളർന്നുപോയ ഈ അമ്മയെ വീട്ടിലെത്തി നേരിൽക്കണ്ട് മൊഴിരേഖപ്പെടുത്തുന്നതിന് പകരമാണ് കിലോമീറ്ററുകൾ അകലെയുള്ള പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി മൊഴി നൽകാൻ പൊലീസ് ശഠിച്ചത്.
അപകടമരണം, ആത്മഹത്യപോലുള്ള സംഭവങ്ങളിലെല്ലാം പൊലീസിന് കേസെടുക്കുന്നതിന് ഉറ്റബന്ധുവിന്റെയോ സുഹൃത്തിന്റെയോ മൊഴി ആവശ്യമാണ്. പ്രദീപിന്റെ മരണവാർത്ത വീട്ടിലറിഞ്ഞ് നിമിഷങ്ങൾക്കകമാണ് കേസ് അന്വേഷണത്തിനും മറ്ര് നടപടികൾക്കുമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മൊഴി ആവശ്യമായി വന്നത്. ഇടിച്ച വാഹനം നിർത്താതെ പോകുകയും അപകടത്തിൽ ദുരൂഹത ഉന്നയിക്കപ്പെടുകയും ചെയ്തതോടെ പൊലീസിന് പ്രദീപിനെ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അറിയാവുന്ന ഒരാളുടെ മൊഴിവേണമായിരുന്നു. ഭാര്യയ്ക്കും അമ്മയ്ക്കും എല്ലാകാര്യങ്ങളും അറിയാമെന്ന് കരുതിയാണ് ഇവരിൽ ആരുടെങ്കിലും മൊഴി രേഖപ്പെടുത്താമെന്ന് പൊലീസ് തീരുമാനിച്ചത്. എന്നാൽ, ഈ മൊഴി നൽകാനായി വീട്ടിൽ കരഞ്ഞുതളർന്ന് കിടന്ന വൃദ്ധയായ അമ്മയെ നേമം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മനുഷ്യത്വ രഹിതമായ നടപടി.
ഇത് പ്രദീപിന്റെ കാര്യത്തിൽ മാത്രമുണ്ടായ ഒറ്രപ്പെട്ട സംഭവമല്ല. ഓരോ സർക്കാരും പൊലീസിനെ ജനകീയവൽക്കരിക്കാനും ജനോപകാരപ്രദമാക്കാനും വമ്പൻ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുമെങ്കിലും അപകടത്തിലോ അത്യാഹിതങ്ങളിലോപെട്ട് അപ്രതീക്ഷിതമായി ജീവൻപൊലിയുന്നവർക്ക് മെഡിക്കോ ലീഗൽ നടപടികൾക്കായി പൊലീസ് സ്റ്റേഷൻ വരാന്തകൾ കയറേണ്ടി വരുന്നത് തികച്ചും അപമാനകരമായ കാര്യം തന്നെയാണ്. സ്ത്രീകളെയും കുട്ടികളെയും പൊലീസ് സ്റ്റേഷനിൽ വരുത്തരുതെന്നും വീടുകളിലെത്തി അവരുടെ മൊഴി രേഖപ്പെടുത്താൻ ഉറ്രവർ വേർപെട്ടതിന്റെ വേദനയും ദുഃഖവും കടിച്ചമർത്തി കഴിയുന്നവർക്ക് മുന്നിൽ സാർ ചമയാതെ അവരുടെ വീടുകളിലെത്തി ആശ്വാസവാക്കുകൾ ചൊരിയാനും മൊഴി രേഖപ്പെടുത്തി നിയമപരമായ സഹായങ്ങൾ ലഭ്യമാക്കാനും ശ്രദ്ധിച്ചാലേ നമ്മുടെ പൊലീസിന് ഒരു ജനകീയ മുഖമുണ്ടാകൂ. ജനമൈത്രി പൊലീസ് സ്റ്റേഷനെന്ന് ബോർഡിൽ മാത്രം ഉണ്ടായാൽ പോര പൊലീസുകാരുടെ മനസ്സിലാണ് കാരുണ്യവും സഹായമനഃസ്ഥിതിയും ഉണ്ടാകേണ്ടതെന്നാണ് ജനങ്ങൾ പറയുന്നത്.