jana

1596 പേർ നാടിന്റെ സാരഥികളാവും

കൊല്ലം: എട്ടിന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണാനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായി. രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. 8.30 കഴിയുമ്പോൾ ആദ്യഫലസൂചനകൾ അറിയാം. വൈകിട്ട് നാലുമണിയോടെ തിരഞ്ഞെടുപ്പ് ഫലം പൂർണമായും വ്യക്തമാവും. ആദ്യം പോസ്റ്റൽ വോട്ടുകളും പിന്നീട് സ്‌പെഷ്യൽ പോസ്റ്റൽ വോട്ടുകളുമാണ് എണ്ണുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയ ശേഷം മാത്രമേ വോട്ടിംഗ് യന്ത്രങ്ങൾ തുറന്ന് എണ്ണിത്തുടങ്ങൂ. കളക്ടറേറിലാണ് ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനും നാഷണൽ ഇൻഫോർമാറ്റിക്‌സും മറ്റു സർക്കാർ സംവിധാനങ്ങളും ഒരേ സമയം പ്രവർത്തിച്ചാണ് തിരഞ്ഞെടുപ്പ് ഫലം തത്സമയം പുറത്തുവിടുന്നത്. ജില്ലയിൽ പതിനൊന്ന് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും കൊല്ലം കോർപ്പറേഷനിലും ഓരോന്നു വീതം എണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 16 വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറമേ കളക്‌​ടറേറ്റിൽ ജില്ലാപഞ്ചായത്ത് പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനും സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും പുറമേ എണ്ണൽ മേശകളിൽ ഒരു ഏജന്റിനെ മാത്രമേ പ്രവേശിപ്പിക്കൂ. തിരിച്ചറിയൽ കാർഡില്ലാതെ ആരെയയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ല.

തിരഞ്ഞെടുക്കപ്പെടേണ്ടവർ
ജില്ലാ പഞ്ചായത്ത് - 26
ബ്ലോക്ക് പഞ്ചായത്ത് - 152
കൊല്ലം കോർപ്പറേഷൻ - 55
നാല് നഗരസഭകൾ - 131
68 ഗ്രാമ പഞ്ചായത്തുകൾ - 1232

ജനവിധി കാത്ത് 5717 സ്ഥാനാർത്ഥികൾ

സ്വതന്ത്രരും മുന്നണി സ്ഥാനാർത്ഥികളുമടക്കം 5717 പേരിൽ നിന്ന് ജനവിധിയിലൂടെ 1596 ജനപ്രതിനിധികളെയാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ 26 ജില്ലാ പഞ്ചായത്തംഗങ്ങളും 152 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും കോർപ്പറേഷനിലെയും നഗരസഭകളിലെയും പഞ്ചായത്തുകളിലെയും മെമ്പർമാരും ഉൾപ്പെടും. ജില്ലയിൽ 73.8 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. പന്മന ഗ്രാമ പഞ്ചായത്തിലെ പറമ്പിൽമുക്ക്, ചോല വാർഡുകളിൽ സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ വാർഡുകളിലെ സമ്മതിദായകർ ബ്ലോക്ക് പഞ്ചായത്ത് വാർഡിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തിട്ടുണ്ട്.


2015 തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

കൊല്ലം ജില്ലാ പഞ്ചായത്ത്

എൽ.ഡി.എഫ് : 22

യു.ഡി.എഫ് : 4

നാല് മുനിസിപ്പാലിറ്റികളും എൽ.ഡി.എഫിന്

1. കരുനാഗപ്പള്ളി

2. കൊട്ടാരക്കര

3.പുനലൂർ

4.പരവൂർ

കൊല്ലം കോർപറേഷൻ എൽ.ഡി.എഫിന്

എൽ.ഡി.എഫ് : 37

യു.ഡി.എഫ് : 15

ബി.ജെ.പി : 2

എസ്.ഡി.പി.ഐ : 1

 11 ബ്ലോക്ക് പഞ്ചായത്തുകളും എൽ.ഡി.എഫിന്

 68 പഞ്ചായത്തുകളിൽ 57 ഇടത്ത് എൽ.ഡി.എഫ്

 11 പഞ്ചായത്തുകൾ യു.ഡി.എഫിന്