joy
ജോയി

കൊല്ലം: ഓട്ടം പോകുന്ന വ്യാജേന പിക്ക്അപ്പ് വാനിൽ കറങ്ങിനടന്ന് കഞ്ചാവ് കച്ചവടം നടത്തിയ മദ്ധ്യവയസ്കൻ പിടിയിലായി. 206 ഗ്രാം കഞ്ചാവുമായി ഇരവിപുരം കൂട്ടിക്കട സുഭദ്രാലയത്തിൽ ജോയിയാണ് (49) എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പ്രവാസിയായിരുന്ന ജോയിക്ക് കൊവിഡ് കാരണം മടങ്ങിപ്പോകാനായില്ല. ഇതോടെ സ്വന്തമായി പിക്അപ്പ് വാൻ എടുത്ത് കഞ്ചാവു വില്പന ആരംഭിക്കുകയായിരുന്നു. തമിഴ്നാട്ടിൽ പോയി കിലോക്കണക്കിന് കഞ്ചാവ് വാങ്ങി ചെറുപൊതികളാക്കിയായിരുന്നു വില്പന. യുവാക്കളാണ് ജോയിയിൽ നിന്ന് കൂടുതലായി കഞ്ചാവ് വാങ്ങിയിരുന്നത്.

രാത്രി എട്ടുമണി കഴിയുമ്പോൾ ജോയി പിക്അപ്പ് വാനിൽ കഞ്ചാവുമായി വരുന്ന സ്ഥലങ്ങളിൽ ഷാഡോ സംഘങ്ങളെ നിയോഗിച്ചാണ് വലയിലാക്കിയത്. പിക്ക് അപ്പ് വാനും പിടിച്ചെടുത്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ്, അനിൽകുമാർ, ബിനു ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, മനു കെ. മണി, നഹാസ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.