c

കൊല്ലം: പൊതുവിപണിയിൽ വിലവർദ്ധനവിനുള്ള സാദ്ധ്യത സൃഷ്ടിച്ച് സപ്ലൈകോ സൂപ്പർമാർക്കറ്റുകളും മാവേലി സ്റ്റോറുകളും കാലിയായി. ഭക്ഷ്യവസ്തുക്കൾ വാങ്ങാനെത്തുന്നവരെല്ലാം നിരാശരായി മടങ്ങുകയാണ്. ചെറുപയർ, കടല, വെളിച്ചെണ്ണ, മുളക്, മല്ലി, പച്ചരി തുടങ്ങിയ സബ്സിഡിയിനങ്ങൾ ആഴ്ചകളായി സ്റ്റോക്കില്ല. വില കുത്തനെ ഉയർന്ന് നിൽക്കുന്ന സവാളയും കൊച്ചുള്ളിയും പേരിന് മാത്രമാണെത്തുന്നത്. ഉഴുന്നുപരിപ്പ്, പഞ്ചസാര, തുവര, അരി തുടങ്ങിയ ഇനങ്ങൾ മാത്രമാണ് സ്റ്റോക്കുള്ളത്. സബ്സിഡിയിനങ്ങൾ ഹെഡ് ക്വാട്ടേഴ്സ് നേരിട്ട് വാങ്ങിയാണ് വിതരണത്തിന് എത്തിക്കുന്നത്. സ്റ്റോക്കില്ലാത്ത ഇനങ്ങളുടെ വിവരം ഡിപ്പോകളിൽ നിന്ന് പലതവണ നൽകിയിട്ടും ഹെഡ് ക്വാട്ടേഴ്സിൽ യാതൊരു പ്രതികരണവുമില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എത്തുന്ന സ്റ്റോക്കെല്ലാം സൗജന്യ കിറ്റുകളുടെ വിതരണത്തിനായി നീക്കിവയ്ക്കുകയാണ്. ചെറുപയർ, വെളിച്ചെണ്ണ തുടങ്ങിയ ഇനങ്ങൾ ഇന്നലെ എത്തിയെങ്കിലും അത് ഔട്ട്ലെറ്റുകളിൽ വില്പനയ്ക്ക് വയ്ക്കുന്നില്ല. ഫലത്തിൽ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചതോടെ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം പൂർണമായും അവതാളത്തിലായിരിക്കുകയാണ്.

താളം തെറ്റി കിറ്റ് വിതരണം

ആവശ്യത്തിന് സ്റ്റോക്കില്ലാത്തതിനാൽ സൗജന്യക്കിറ്റ് വിതരണത്തിന്റെ താളം തെറ്റി. മുൻഗണനേതര സബ്സിഡി, മുൻഗണനേതര സബ്സിഡി രഹിത വിഭാഗങ്ങൾക്കുള്ള നവംബറിലെ കിറ്റ് എന്നിവ ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഡിസംബറിലെ കിറ്റ് എ.എ.വൈ, മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമാണ് ലഭിച്ചത്. ചെറുപയർ, കടല തുടങ്ങിയ ഇനങ്ങൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ഒരാഴ്ചയായി കിറ്റ് തയ്യാറാക്കൽ മന്ദഗതിയിലായിരുന്നു. കടല സ്റ്റോക്കില്ലാത്തതിനാൽ പകരം തുവരയാണ് കിറ്റിനൊപ്പം നൽകുന്നത്. നവംബറിലെ കിറ്റ് വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവയ്ക്കുന്നത്.

സ്റ്റോക്കില്ലാത്തത്

ചെറുപയർ

കടല

വെളിച്ചെണ്ണ
മുളക്

മല്ലി

പച്ചരി

സ്റ്റോക്കുള്ളത്

ഉഴുന്നുപരിപ്പ്

പഞ്ചസാര

തുവര

അരി