
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് പിന്നാലെ വിജയാഹ്ലാദ പ്രകടനങ്ങൾക്കായി മുന്നണികൾ മധുരപലഹാരങ്ങളും തുറന്ന വാഹനങ്ങളും തയ്യാറാക്കി. വിജയിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ മധുരപലഹാരങ്ങൾ വൻ തോതിൽ ഓർഡർ ചെയ്‌തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വിജയികൾക്കാണ് തുറന്ന വാഹനം തയ്യാറാക്കിയത്. ഇത്തവണ വിജയം തങ്ങൾക്കാണെന്ന ഉറച്ച വിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. പതിവുരീതിയിലുള്ള ലഡുവിന് പുറമേ ചുവപ്പ്, പച്ച, കാവി നിറങ്ങളിലുള്ള ലഡുവിനാണ് ഡിമാന്റ് കൂടുതൽ. കേക്ക്, ജിലേബി തുടങ്ങിയവയ്ക്കും വലിയ തോതിൽ ആവശ്യക്കാരുണ്ട്.