 
പത്തനാപുരം : പുന്നലയിൽ കാട്ടു പന്നിയുടെ അക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. മൂന്ന് പേർ ഓടി രക്ഷപെട്ടു. പുന്നല തച്ചക്കോട് സ്വദേശികളായ പ്രീത (45) അബ്ദുൽ ഖാദർ(അത്തിൽ,68) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ വീട്ടുമുറ്റത്ത് നിന്ന പ്രീതയെയും കൃഷിയിടത്തിലായിരുന്ന അബ്ദുൾ ഖാദറിനെയുമാണ് പന്നി ആക്രമിച്ചത്. സമീപവാസികളായ സബീന,ഷാജി ,ബൈക്ക് യാത്രികനായ ഷമീർ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. രണ്ടാഴ്ച മുൻപ് മൂന്ന് പേർക്ക് പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റിരുന്നു. അതിൽ ഒരാളുടെ നില ഗുരുതരമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പകൽ സമയത്ത് പോലും മലയോരമേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുകയാണ്.
കൃഷികൾ നശിപ്പിച്ച്
പട്ടാഴി വടക്കേക്കര, നെടുവത്തൂർ ,പുന്നല, ചെമ്പനരുവി ,പൂങ്കുളഞി, കറവൂർ, കമുകുംചേരി, ചേകം മേഖലകളിലാണ് കാട്ടുപന്നി ശല്യം കൂടുതൽ. കൃഷി വിളകൾ എല്ലാം നശിപ്പിച്ച് സ്വൈര്യ വിഹാരം നടത്തുകയാണ് കാട്ടുപന്നികൾ. കൂട്ടമായും ഒറ്റയ്ക്കുമെത്തുന്ന കാട്ടുപന്നികൾ മരച്ചീനി ,വാഴ ,റബർ, ചേമ്പ് ,ചേന എന്നിങ്ങനെ വിവിധ കൃഷി വിളകൾ നശിപ്പിക്കുകയും തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ജനവാസമേഖലയിൽ തന്നെ ചെറുകാടുകളിലും മറ്റും കാട്ടുപന്നി പെറ്റു കിടക്കുന്ന സാഹചര്യമാണുള്ളത്. കാട്ടുപന്നിയാക്രമണത്തിൽ പലർക്കും ജീവൻ നഷ്ടമായിട്ടുണ്ട്. ജീവൻ തിരിച്ചു കിട്ടിയവർ ആരോഗ്യ പ്രശ്നങ്ങളാൽ കഷ്ടപ്പെടുകയാണ്.
വെടിവെച്ച് കൊല്ലാൻ ആളില്ല
വെടിവെച്ച് കൊല്ലാൻ വനംവകുപ്പ് അനുവാദം നൽകി മാസങ്ങളായിട്ടും ആരും മുന്നോട്ട് വന്നിട്ടില്ല.
ആയിരം രൂപ വേദനം നൽകാമെന്ന് വാഗ്ദാനം വനംവകുപ്പിൽ നിന്ന് ഉണ്ടായിട്ടും പന്നിയെ കൊല്ലാൻ മേഖലയിൽ രണ്ടുപേർ മാത്രമാണ് അപേക്ഷ നൽകിയത്. ലൈസൻസ് ഉള്ളവർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പന്നിയെ കൊല്ലാൻ അനുവാദം ലഭിച്ചത് കാട്ടുപന്നിയടക്കമുള്ള വന്യജീവികളിൽ നിന്ന് രക്ഷപ്പെടാനുള്ള നടപടികൾ അധികാരികളിൽ അധികാരികളിൽ നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.