 
നടപടി കേരളകൗമുദി വാർത്തയെതുടർന്ന്
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ അപകടം പതിയിരുന്ന പാതയോരം വൃത്തിയാക്കി തുടങ്ങി.പാതയോരങ്ങളിൽ ഉപേക്ഷിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ച് നീക്കിയ അവശിഷ്ടങ്ങളും കാടുകളുമാണ് നീക്കി തുടങ്ങിയത്.പുനലൂർ മുതൽ കോട്ടവാസൽ വരെയുളള പാതയോരങ്ങളാണ് വൃത്തിയാക്കുന്നത്. ദേശീയ പാതയോരങ്ങളിൽ അനധികൃതമായി കെട്ടിടങ്ങളും മറ്റും പൊളിച്ച മണ്ണും കല്ലുകളും തള്ളുന്നത് കാൽ നടയാത്രക്കാർക്ക് പുറമെ, വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ആഴ്ച കേരളകൗമുദി വാർത്തയാക്കി . വാർത്തയെ തുടർന്നാണ് അധികൃതർ പാതയോരം വൃത്തിയാക്കി തുടങ്ങിയത്.
അപകടങ്ങൾ പതിവായി
ഒന്നര വർഷം മുമ്പ് പാതയോരങ്ങളിൽ ഇറക്കിയ മണ്ണിന് മുകളിൽ കാട് വളർന്ന് ഉയർന്നിട്ടും അത് നീക്കം ചെയ്യാൻ അധികൃതർ തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിരുന്നു.പുനലൂരിന് സമീപത്തെ കലയടാന്, താമരപ്പള്ളി, പ്ലാച്ചേരി, ക്ഷേത്രഗിരി, വെളളിമല, ഇടമൺ, ഇടമൺ-34, ഉറുകുന്ന്, ഒറ്റക്കൽ, തെന്മല തുടങ്ങിയ നിരവധി പ്രദേശങ്ങളിലെ പാതയോരങ്ങളിലാണ് മണ്ണ് തള്ളിയിരിക്കുന്നത്. പാതയോരത്ത് അനധികൃതമായി മണ്ണും കല്ലും ഇറക്കിയിട്ടത് കാരണം വാഹന അപകടങ്ങളും വർദ്ധിക്കുകയാണ്. മൂന്നാഴ്ച മുമ്പ് ദേശിയ പാതയിലെ ഉറുകുന്നിൽ പാതയോരത്ത് കൂടി നടന്ന് വന്ന മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ ഇടിച്ച് മരിച്ചിരുന്നു.പിന്നീട് വാൻ സമീപത്തെ പാതയോരത്ത് ഇറക്കിയിട്ടിരുന്ന മണ്ണിലും കല്ലിലും ഇടിച്ച ശേഷം 15 അടിതാഴ്ചയിലേക്ക് മറിയുകയായിരുന്നു.
പാതയോരങ്ങൾക്ക് വീതി ഇല്ല
പാതയോരത്തെ മൺകൂനകൾ കാരണം കാൽ നട യാത്രക്കാർക്ക് റോഡിന്റെ സൈഡിലൂടെ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്.ഇത് കണക്കിലെടുത്താണ് പാതയോരത്ത് ഇറക്കിയിട്ടിരിക്കുന്ന മണ്ണുംകല്ലുംകാടുകളും ജെ.സി.ബി.ഉപയോഗിച്ച് അധികൃതർ നീക്കി തുടങ്ങിയത്.ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് റീടാറിംഗ് നടത്തി മനോഹരമാക്കിയതോടെ വാഹനങ്ങൾ അമിത വേഗതയിലാണ് കടന്ന് പോകുന്നത്. ഈ സമയം പാതയോരത്ത് കൂടി നടന്ന് പോകുന്ന കാൽനട യാത്രക്കാർ കടുത്ത ഭീതിയിലാണ്.ദേശീയ പാത കടന്ന് പോകുന്ന ഭൂരിഭാഗം സ്ഥലങ്ങളിലെയും പാതയോരങ്ങൾക്ക് വീതി കുറവായതും കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറുകയാണ്.ഈ സ്ഥലങ്ങിലും മണ്ണ് ഇറക്കിയിടുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.