c

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ സംഘർഷമുണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെങ്ങും പൊലീസിന്റെ കനത്ത ജാഗ്രത. പ്രശ്‌ന സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ മേഖലകളിൽ പൊലീസ് പിക്കറ്റിംഗ് ഉറപ്പാക്കും. ഇടറോഡുകളിലുൾപ്പെടെ പട്രോളിംഗ് ശക്തമാക്കും. ഇതിനായി കൊല്ലം സിറ്റി പൊലീസ് കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂർ സബ് ഡിവിഷനുകളിലും കൊല്ലം റൂറൽ പൊലീസ് കൊട്ടാരക്കര, പുനലൂർ സബ് ഡിവിഷനുകളിലും മുന്നൊരുക്കങ്ങൾ നടത്തി. എല്ലാ ഉദ്യോഗസ്ഥരും ക്രമസമാധാന പാലനത്തിനായി ഇന്ന് നിരത്തുകളിൽ സജീവമാകും. ആഹ്ലാദ പ്രകടനങ്ങൾക്കിടെ പരാജിതരുടെ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകളാണ് പൊലീസ് സ്വീകരിക്കുന്നത്.

പാർട്ടി ഒാഫീസുകളിൽ സുരക്ഷാനിരീക്ഷണം

സി.പി.എം, സി.പി.ഐ, കോൺഗ്രസ്,​ ആർ.എസ്.പി, ബി.ജെ.പി എന്നിവരുടെ ജില്ലാ കമ്മിറ്റി ഓഫീസുകളിലും പ്രാദേശിക ഓഫീസുകളിലും പൊലീസിന്റെ സുരക്ഷാ നിരീക്ഷണമുണ്ടാകും. ബി.ജെ.പി - സി.പി.എം , ബി.ജെ.പി - എസ്.ഡി.പി.ഐ എന്നിവർ മുഖാമുഖം മത്സരിച്ച വാർഡുകളിൽ പതിവിൽ കവിഞ്ഞ സുരക്ഷയൊരുക്കും. ഇത്തവണ പല സ്ഥലങ്ങളിലും പതിവിന് വിപരീതമായി ത്രികോണ മത്സരമാണുണ്ടായത്. ഇതോടെ താഴേത്തട്ടിൽ പ്രവർത്തകർക്കിടയിൽ ശക്തമായ വാശിയും മത്സര ബുദ്ധിയുമുണ്ടായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇത് പൊട്ടിത്തെറിയിലേക്ക് നീങ്ങുമോയെന്ന ആശങ്ക പൊലീസിനുണ്ട്.

പൊലീസ് വലയത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ജില്ലയിലെ 16 വോട്ടെണ്ണൽ കേന്ദ്രങ്ങളും പൊലീസ് വലയത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പ്രത്യേക പാസില്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. സ്വകാര്യ വാഹനങ്ങളെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് കടത്തില്ല. മൊബൈൽ ഫോൺ, കാമറ തുടങ്ങിയവയും അനുവദിക്കില്ല. ഫലം വരുന്നതനുസരിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് അനാവശ്യ ആൾക്കൂട്ടങ്ങളും അനുവദിക്കില്ല.

ജില്ലയിലെങ്ങും വിപുലമായ പൊലീസ് പട്രോളിംഗ് നടക്കും. പ്രശ്‌നബാധിത മേഖലകളിൽ ആവശ്യമെങ്കിൽ പൊലീസ് പിക്കറ്റിംഗുമുണ്ടാകും. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും.

അസി. കമ്മിഷണർ, സ്പെഷ്യൽ ബ്രാഞ്ച്, കൊല്ലം